30 May Saturday

കശ്‌മീര്‍: തകർന്നടിഞ്ഞ്‌ പഴം വിപണി

എം പ്രശാന്ത‌്Updated: Tuesday Sep 3, 2019

ശ്രീനഗർ
ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം സകല രംഗങ്ങളിലുമുണ്ടായ മാന്ദ്യം സാധാരണക്കാരുടെ ജീവനോപാധികളെയും ബാധിച്ചു. വ്യാപാര– -വാണിജ്യ മേഖലകൾ പൂർണമായും തളർന്നു. കച്ചവടകേന്ദ്രങ്ങളെല്ലാം വിജനമാണ്‌. ബാരാമുള്ള–-ശ്രീനഗർ ദേശീയപാതയിലെ പഴം–- പച്ചക്കറി വിൽപ്പനകേന്ദ്രമായ പാരിംപുരയിൽ അടഞ്ഞുകിടക്കുന്ന നൂറുകണക്കിനു കടകൾക്കു മുന്നിൽവച്ചാണ്‌ മുഹമ്മദ്‌ ഷായെ പരിചയപ്പെട്ടത്‌. പാരിംപുരയിൽനിന്ന്‌ പഴങ്ങൾ വാങ്ങി സ്വന്തം നാടായ ഗുൽമാർഗിൽ എത്തിച്ച്‌ വിൽപ്പന നടത്തിയിരുന്ന ഷാ കച്ചവടമില്ലാതെ പ്രതിസന്ധിയിലാണ്‌.

ആഗസ്‌ത്‌ അഞ്ചുമുതൽ പാരിംപുര മാർക്കറ്റ്‌ അടഞ്ഞുകിടക്കുകയാണ്‌. പഴങ്ങളും പച്ചക്കറികളുമെല്ലാം ചീഞ്ഞു. കേന്ദ്രനടപടി വിനോദസഞ്ചാരമേഖലയെ എന്നപോലെ പഴംവിപണനമേഖലയെയും പൂർണമായും തകർത്തുവെന്ന്‌ മുഹമദ്‌ ഷാ പറഞ്ഞു.
പാരിംപുര മാർക്കറ്റിൽ മുന്നൂറിലേറെ പഴം–- പച്ചക്കറി സ്റ്റാളുണ്ട്‌. അയ്യായിരത്തോളം പേർ പ്രത്യക്ഷമായും ഇരുപതിനായിരത്തോളം പേർ പരോക്ഷമായും മാർക്കറ്റിനെ ആശ്രയിച്ച്‌ ജീവിക്കുന്നുണ്ട്‌. പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമൊക്കെ കിഴങ്ങും സവാളയുമൊക്കെയായി എത്തുന്ന ട്രക്കുകൾ ഇവിടെനിന്ന്‌ പഴങ്ങൾ കയറ്റിയാണ്‌ മടങ്ങുക. 

പ്രതിദിനം ആയിരക്കണക്കിന്‌ ട്രക്കാണ്‌ എത്തുക. ഫോണും നെറ്റുമൊന്നും ഇല്ലാത്തതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള വ്യാപാരികളുമായി ബന്ധപ്പെടാനാകാത്ത സ്ഥിതിയാണ്‌. ചിലർ കടകൾ തുറക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും തീവ്രവാദികളെ ഭയന്ന്‌ തയ്യാറാകുന്നില്ല. പാരിംപുരയിൽ കഴിഞ്ഞദിവസം കട തുറന്ന്‌ കച്ചവടം നടത്തിയ ഒരാളെ രാത്രിയിൽ അജ്ഞാതർ വെടിവച്ചുകൊന്നു. ആളുകൾ ഭയത്തിലാണ്‌–- മുഹമദ്‌ ഷാ പറഞ്ഞു.

മാർക്കറ്റിൽ ക്രിക്കറ്റ്‌ കളി

വിശാലമായ മാർക്കറ്റിൽ രണ്ട്‌ ട്രക്കുമാത്രമാണ്‌ കാണാനായത്‌. പഞ്ചാബിലെ മോഗയിൽനിന്ന്‌ കിഴങ്ങും സവാളയുമായി എത്തിയ ഗുർമേന്ദർ സിങ്ങിന്റെയും ബൽവീർ സിങ്ങിന്റെയും ട്രക്കുകളിൽ 40 ടൺ ചരക്കുണ്ട്‌. പത്തുലക്ഷത്തോളം രൂപയുടെ കിഴങ്ങും സവാളയുമാണ്‌ വിൽപ്പന നടക്കാതെ കെട്ടിക്കിടക്കുന്നതെന്ന്‌ ഗുർമേന്ദർ പറഞ്ഞു. കഴിഞ്ഞ 25ന് എത്തിയതാണ്‌. ഫോണില്ലാത്തതിനാൽ മോഗയിലെ വ്യാപാരിയുമായി ബന്ധപ്പെടാനാകുന്നില്ല. എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്‌–- ഗുർമേന്ദർ പറഞ്ഞു.

എട്ടാം ക്ലാസുകാരനായ ആസാനും സംഘവും മൈതാനംപോലെ വിശാലമായ മാർക്കറ്റിൽ ക്രിക്കറ്റുകളിയിലാണ്‌. കേന്ദ്രം തീരുമാനം പിൻവലിക്കാതെ മാർക്കറ്റ്‌ തുറന്നുപ്രവർത്തിക്കില്ലെന്ന്‌ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആസാൻ പറഞ്ഞു. കുട്ടികളുടെ എണ്ണം പെരുകിയതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ഖുർഷിദ്‌ മടങ്ങാൻ തിരക്കുകൂട്ടി. കല്ലേറുണ്ടാകാമെന്ന ഭയമാണ്‌ ഖുർഷിദിന്‌. ഒപ്പമുണ്ടായിരുന്ന കൈരളി ടിവി സംഘത്തിന്റെ ക്യാമറയും മൈക്കും ചിലപ്പോൾ ആളുകളെ പ്രകോപിപ്പിച്ചേക്കാമെന്ന്‌ ഖുർഷിദ്‌ പറഞ്ഞു. മാധ്യമങ്ങളെ കശ്‌മീരുകാർ അത്രമാത്രം വെറുത്തുതുടങ്ങി.

കശ്‌മീരിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുവെന്ന്‌ അധികൃതർ

കശ്‌മീർ താഴ്‌വരയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങിയതായി അധികൃതർ അറിയിച്ചു. താഴ്‌വരയുടെ 90 ശതമാനം മേഖലയിലും പകൽസമയനിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതായി പ്രിൻസിപ്പൽ സെക്രട്ടറി രോഹിത്‌ കൻസൽ പറഞ്ഞു. 111 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ 92 ഇടത്തും പകൽ നിയന്ത്രണം ഒഴിവാക്കി. ജമ്മുവിലും ലഡാക്കിലും നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ജമ്മു–-കശ്‌മീർ, ലഡാക്ക്‌ മേഖലയിലെ 93 ശതമാനം പ്രദേശത്തും  പകൽനിയന്ത്രണങ്ങൾ ഇല്ല.

 26000 ലാൻഡ്‌ലൈനുകൾ പ്രവർത്തിക്കുന്നു.  ആകെ 95 എക്‌സ്‌ചേഞ്ചുകളിൽ 76 ഉം പ്രവർത്തിച്ചുതുടങ്ങി–- കൻസൽ പറഞ്ഞു.  ലാൽചൗക്ക്‌, പ്രസ്‌ എൻക്ലേവ്‌ മേഖലകളിൽ ഇപ്പോഴും ലാൻഡ്‌ ലൈനുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും താഴ്‌വരയിൽ തുടർച്ചയായ 29–-ാം ദിവസവും ജനജീവിതം സ്‌തംഭിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. സ്‌കൂളുകളും പ്രവർത്തിക്കുന്നില്ല. പൊതുവാഹനങ്ങൾ ഓടുന്നില്ല.


പ്രധാന വാർത്തകൾ
 Top