13 November Wednesday

ബാദൽ ചൗധരിയെ അറസ്ററ് ചെയ്തത് പിഎസിയും സിഎജിയും തള്ളിയ ആരോപണങ്ങൾ പറഞ്ഞ്

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019

ന്യൂഡൽഹി > നിയമസഭയുടെ ഭരണഘടനപരമായ അധികാരം അംഗീകരിക്കാതെയാണ്‌ ബാദൽ ചൗധരിയെ ത്രിപുരയിലെ ബിജെപി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്‌. സംസ്ഥാനത്ത്‌ 2008–-09ൽ നടപ്പാക്കിയ അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്ക്‌ 225 കോടി രൂപ അധികം വിനിയോഗിച്ചുവെന്നാണ്‌ ആരോപണത്തിന്റെ പേരിലാണ്‌ കേസ്‌. നിയമസഭയുടെ പബ്ലിക്ക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി(പിഎസി) നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ(സിഎജി) ഈ അധികതുക വിനിയോഗം ന്യായമാണെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിക്കുകയും നിയമസംവിധാനം മുഴുവൻ അട്ടിമറിച്ച്‌  ബാദൽ ചൗധരിയെ അറസ്‌റ്റുചെയ്യുകയുമായിരുന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായ ബാദൽ ചൗധരി മുൻ ഇടതുമുന്നണി സർക്കാരിൽ പൊതുമരാമത്ത്‌ മന്ത്രിയായിരുന്നു. അക്കാലത്ത്‌ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യമേഖലയുടെ വികസനത്തിനു സമഗ്രമായ പദ്ധതി തയ്യാറാക്കുകയും അടങ്കൽ നിശ്‌ചയിക്കുകയും ചെയ്‌തു. ബൃഹത്തായ പദ്ധതിയുടെ നിർവഹണച്ചുമതല ദേശീയഏജൻസിയെ ഏൽപിക്കേണ്ടിവന്നു. ഇതേതുടർന്ന്‌  അടങ്കൽ തുകയിൽ കൂടുതൽ പണം ചെലവായി. കൃത്യമായ രേഖകൾ സഹിതം ഇക്കാര്യം നിയമസഭയെ ബോധ്യപ്പെടുത്തി. പദ്ധതി പിന്നീട്‌ സിഎജി ഓഡിറ്റ്‌ ചെയ്‌തപ്പോൾ അടങ്കൽ തുക വർധനയെക്കുറിച്ച്‌ വിശദീകരണം തേടി. പിഎസി റിപ്പോർട്ട്‌ സഹിതം സിഎജിക്ക്‌ മറുപടി നൽകിയതോടെ സംശയങ്ങൾക്ക്‌ വിരാമമായി. അംഗങ്ങളായ പ്രതിപക്ഷ എംഎൽഎമാരും പിഎസി റിപ്പോർട്ടിനോട്‌ യോജിച്ചിരുന്നു.
 
സംസ്ഥാനത്ത്‌ 2018ൽ ബിജെപി  അധികാരത്തിൽ വന്നശേഷം,  സിഎജി മുമ്പ്‌ പ്രകടിപ്പിച്ച സംശയം ചിലർ ആരോപണമായി ഉയർത്തി. ഇതിനുപിന്നാലെ സർക്കാർ വിജിലൻസ്‌ അന്വേഷണത്തിനു ഉത്തരവിട്ടു. ബാദൽ ചൗധരി അന്വേഷണവുമായി സഹകരിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ മുമ്പിൽ മൂന്നു തവണ ഹാജരായി. പുകമറ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ടുപോയി. ആസൂത്രിത തിരക്കഥ പോലെ മുൻ ചീഫ്‌ സെക്രട്ടറി വൈ പി സിങ്ങിനെയും റിട്ട. ചീഫ്‌ എൻജിനിയർ സുനിൽ ഭൗമിക്കിനെയും കേസിൽ പ്രതിചേർത്തു. നിലവിൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്‌ കൂടിയായ ബാദൽ ചൗധരിയെ ബിജെപി സർക്കാർ വേട്ടയാടുന്നത്‌ രാഷ്ട്രീയലാക്കോടെയാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top