20 September Friday

ഭവനനിർമാണമേഖലയിൽ കിട്ടാക്കടം 70,000 കോടി

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ന്യൂഡൽഹി > ബാങ്കിങ്‌ ഇതര ധനകമ്പനികൾ ഭവനനിർമാണമേഖലയിൽ നൽകിയ 70,000 കോടി രൂപയുടെ വായ്‌പ കിട്ടാക്കടമാകുന്നതായി റിപ്പോർട്ട്‌.  വായ്പ നിലവാരനിര്‍ണയമേഖലയിലെ ആ​ഗോള ഏജൻസിയായ ഇന്ത്യ റേറ്റിങ്‌സിന്റെ റിപ്പോർട്ടിലാണ്‌ ഈ ആശങ്ക. ബാങ്കിങ്‌ ഇതര കമ്പനികൾ ലക്ഷം കോടിയോളം രൂപയാണ്‌ ഭവനനിർമാണമേഖലയിൽ വായ്‌പ നല്‍കിയത്‌. ഇതിൽ 70 ശതമാനത്തിന്റെ തിരിച്ചടവ്‌ യഥാസമയം നടക്കില്ലെന്നാണ്‌  നിഗമനം.

മോട്ടോർവാഹനമേഖലയിലെയും ഗ്രാമീണ അടിസ്ഥാനസൗകര്യമേഖലയിലെയും മാന്ദ്യം,  വ്യവസായങ്ങളുടെ തകർച്ച, സേവനമേഖലയിലെ പ്രതിസന്ധി എന്നിവയാണ്‌ ഭവനനിർമാണമേഖലയെ ബാധിച്ചത്‌. ബാങ്കിങ്‌ ഇതര കമ്പനികൾ നൽകിയ 70,000 കോടി രൂപ വായ്‌പയുടെ പലിശ തിരിച്ചടവുമാത്രമാണ്‌ ഇതുവരെ നടന്നത്‌. 2017–-18 വർഷത്തിലാണ്‌ ഈ വായ്‌പകളിൽ ഭൂരിഭാഗവും വിതരണം ചെയ്‌തത്‌. 2018–-19ന്റെ രണ്ടാം പകുതിയിൽ സമ്പദ്‌ഘടനയിൽ കുഴപ്പങ്ങൾ കണ്ടതിനെത്തുടർന്ന്‌ മുതലിന്റെ തിരിച്ചടവിൽ 18–-24 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മുതൽ തിരിച്ചടവ്‌ നടപ്പുസാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ തുടങ്ങാനിരിക്കെയാണ്‌  മാന്ദ്യം പടരുന്നത്‌.

അടിസ്ഥാനസൗകര്യ കരാർ, ധനകാര്യസേവന കമ്പനിയായ ഐഎൽ ആൻഡ്‌ എഫ്‌എസ്‌ കഴിഞ്ഞവർഷം തകർന്നത്‌ ബാങ്കിങ്‌ ഇതര സ്ഥാപനങ്ങളെ ഉലച്ചു.
കഴിഞ്ഞവർഷം ആഗസ്‌തുമുതൽ ബാങ്കിങ്‌ ഇതര കമ്പനികൾ പണലഭ്യതയിൽ ഞെരുക്കം അനുഭവിക്കുന്നു. നിക്ഷേപകർക്ക്‌ വിശ്വാസം നഷ്ടപ്പെട്ടതും കമ്പനികളെ ബാധിച്ചു. ബാങ്കിങ്‌ ഇതര ധനകമ്പനികളും ഭവനനിർമാണ ധനകമ്പനികളും ചേർന്ന്‌ ഭവനനിർമാണമേഖലയിൽ ആറ്‌ ലക്ഷം കോടി രൂപയുടെ വായ്‌പയാണ്‌ നൽകിയിട്ടുള്ളത്‌.


പ്രധാന വാർത്തകൾ
 Top