24 November Tuesday

കേസ് എങ്ങനെ തോറ്റുകൊടുക്കാം: നെഗറ്റീവില്ലാതെ ഫോട്ടോ; സീൽ ചെയ്യാതെ ടേപ്പുകൾ

എം പ്രശാന്ത‌്Updated: Tuesday Oct 6, 2020

അയോധ്യയിൽ ബാബറി മസ്‌ജിദ്‌ പൊളിക്കുന്നതിന്‌ തലേന്ന്‌ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘപരിവാർ പ്രവർത്തകർ േഫാട്ടോ: പ്രവീൺ ജെയിൻ

‘പയനിയർ’ ഫോട്ടോഗ്രാഫറായിരുന്ന പ്രവീൺ‌ ജയിൻ 28 വർഷമായി ആ നെഗറ്റീവുകൾ സൂക്ഷിക്കുന്നു. 1992 ഡിസംബർ അഞ്ചിന്‌ അയോധ്യയിൽ വച്ച്‌  ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളുടെ നെഗറ്റീവുകൾ. ബാബ്റി മസ്‌ജിദ്‌ തകർത്തത്‌ ആസൂത്രിതമെന്നും  സംഘപരിവാർ പ്രവർത്തകർക്ക്‌ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്നും ആർക്കും ബോധ്യപ്പെടുന്ന തെളിവ്. സിബിഐ കോടതി മുമ്പാകെ അയോധ്യയിൽ കണ്ട കാര്യങ്ങൾ പ്രവീൺ മൊഴി നൽകി. നെഗറ്റീവുകൾ സമർപ്പിക്കാൻ ഒരുക്കവുമായിരുന്നു.
ലഖ്‌നൗവിലെ കൈസർബാഗിൽ പഴയ ഹൈക്കോടതി കെട്ടിടത്തിലെ 18–-ാം നമ്പർ കോടതി മുറിയിൽ ബാബ്റി കേസ്‌ വിധി കേൾക്കാൻ പ്രവീണുമെത്തി. പ്രതികളെ വെറുതെ വിട്ട് പ്രത്യേക കോടതി ജഡ്‌ജി സുരേന്ദ്രകുമാർ യാദവ്‌ വിധി പ്രഖ്യാപിക്കുന്നത് പ്രവീൺ അവിശ്വസനീയതയോടെ കേട്ടുനിന്നു. നിധിപോലെ കാത്ത തെളിവുകൾക്ക്‌ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്‌ ഇനി സ്ഥാനമെന്ന്‌ ഫോട്ടോഗ്രാഫർ വേദനയോടെ തിരിച്ചറിഞ്ഞു.

പ്രവീണിനെപ്പോലെ നിരവധിപേരുണ്ട്, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന്‌ ആഗ്രഹിച്ച സാക്ഷികള്‍. ബാബ്‌റി കേസിൽ സിബിഐ എങ്ങനെ തോറ്റുവെന്ന്‌ നിയമവിദ്യാർഥികൾ പ്രത്യേകമായി പഠിക്കേണ്ടതുണ്ട്‌. പൊലീസ്‌ സ്‌റ്റേഷനുകളിലെ സാധാരണ റൈറ്റർമാർ പുലർത്തുന്ന ജാഗ്രത പോലും കേസ്‌ രേഖ തയ്യാറാക്കുന്നതിൽ സിബിഐ പുലർത്തിയില്ല. 1026 സാക്ഷികളിൽ മൊഴിനൽകിയത് 348 പേർ മാത്രം‌. ക്രിമിനൽനടപടിച്ചട്ടം 161 പ്രകാരം രേഖപ്പെടുത്തിയ മൊഴികളും കോടതി പറഞ്ഞ കാര്യങ്ങളും പൊരുത്തപ്പെട്ടില്ല.  

കേസ് രണ്ട് കോടതിയില്‍

 

പള്ളിപൊളിച്ച കേസിൽ കർസേവകർക്കെതിരായും അദ്വാനി അടക്കമുള്ള നേതാക്കൾക്കെതിരായും രണ്ട്‌ കേസെടുത്തു. കർസേവകർക്കെതിരായ കേസ്‌ 1992 ഡിസംബർ 13 ന്‌ സിബിഐക്ക്‌ ലഭിച്ചു. നേതാക്കൾക്കെതിരായ കേസ്‌ 1993 ആഗസ്‌ത്‌ 26 ന്‌ സിബിഐ ഏറ്റെടുത്തു. 1993 ഒക്‌ടോബറിൽ രണ്ട്‌ കേസുകളിലുമായി സംയുക്ത കുറ്റപത്രം. 1996 ജനുവരിയിൽ അനുബന്ധ കുറ്റപത്രം. ഇതിനിടെ 1993 സെപ്‌തംബറിൽ അയോധ്യാകേസുകൾ ലഖ്‌നൗവിലെ പ്രത്യേകകോടതിയിലും റായ്‌ബറേലി കോടതിയിലുമായി പരിഗണിക്കുംവിധം സംസ്ഥാന സർക്കാരിന്റെ വിജ്‌ഞാപനം വന്നു. കേസ്‌ അനന്തമായി നീളുന്നതിന്‌ ഈ സാങ്കേതികത കാരണമായി. ഈ ഘട്ടത്തിൽ കേന്ദ്രം ഭരിച്ചത്‌ കോൺഗ്രസ്‌. യുപിയിലാകട്ടെ രാഷ്ട്രപതി ഭരണവും. രണ്ടുകേസും ഒരു കോടതി കേൾക്കാന്‍ മുന്‍കൈ എടുക്കാന്‍ കോൺഗ്രസോ സിബിഐയോ താൽപ്പര്യമെടുത്തില്ല. 2017ൽ സുപ്രീംകോടതി ഇടപെടപെട്ടതോടെയാണ് എല്ലാകേസും  ലഖ്‌നൗവിലെ പ്രത്യേക കോടതിയിലേക്ക്‌ എത്തുന്നത്.

പിഴവുകൾ ബോധപൂർവ്വം

സിബിഐ തെളിവായി സമർപ്പിച്ച ഫോട്ടോകൾക്കൊന്നും നെഗറ്റീവുണ്ടായിരുന്നില്ല. ഫോട്ടോകളാകട്ടെ അവ്യക്തവും. ‘ഏക്‌ ഝക്കാ ഓർ ദോ, ബാബ്‌റി മസ്‌ജിദ്‌ ഝോഡ്‌ ദോ’ എന്ന്‌ ഉമാ ഭാരതിയും മറ്റുംവിളിച്ചു പറയുന്ന ശബ്ദമടങ്ങിയ ടേപ്പുകൾ സമർപ്പിച്ചെങ്കിലും‌ പ്രതികളുടെ ശബ്‌ദം തന്നെയെന്ന്‌ തെളിയിക്കാന്‍‌ ശബ്‌ദസാമ്പിളെടുക്കുകയോ ഫോറൻസിക്‌ പരിശോധന നടത്തുകയോ ചെയ്തില്ല. വീഡിയോ ടേപ്പുകൾ സീൽചെയ്‌തിരുന്നില്ല. അവ എഡിറ്റ്‌ ചെയ്യപ്പെട്ടിരുന്നു. പത്രക്കട്ടിങ്ങുകളുടെയും ഒറിജിനലുകളുണ്ടായില്ല. മാധ്യമങ്ങളെയോ ലേഖകരെയോ ബന്ധപ്പെട്ട്‌ ആധികാരികത ഉറപ്പാക്കിയില്ല.

ഗൂഢാലോചനാക്കുറ്റം അന്വേഷണത്തിലൂടെ തെളിയിക്കാന്‍ ശ്രമം ഉണ്ടായതേയില്ല. പള്ളിപൊളിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന നേതാക്കൾ അതിന്‌ മുമ്പ്‌ എവിടെയെങ്കിലും ഒത്തുകൂടിയതിന്‌ തെളിവില്ലെന്ന്‌ സിബിഐ തന്നെ പറഞ്ഞു. അത്തരം ഒത്തുകൂടൽ സംബന്ധിച്ച്‌ നിരവധി മാധ്യമവാർത്ത വന്നിരുന്നെങ്കിലും അത്‌ തെളിയിക്കാൻ സിബിഐ മെനക്കെട്ടില്ല.  സ്ഥലവാസികളുടെയോ കർസേവകരുടേയോ മൊഴിയെടുത്തില്ല. സിആർപിസിയിലെയും തെളിവു നിയമത്തിലെയും നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന്‌ സിബിഐ തന്നെ തുറന്നുസമ്മതിച്ചു.  

(നാളെ: ഡയറക്ടർമാരുടെ തമ്മിലടിയും നാണക്കേടിന്റെ നാൾവഴിയും )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top