19 January Tuesday

ബാബറി പള്ളി തകര്‍ത്തിട്ട് 28 വര്‍ഷം: ധ്രുവീകരണം തീവ്രമാക്കി സംഘപരിവാർ; അടുത്ത ലക്ഷ്യം കാശിയും മഥുരയും

എം പ്രശാന്ത്‌Updated: Sunday Dec 6, 2020

ന്യൂഡൽഹി > ബാബറി പള്ളി പൊളിച്ച്‌ 28 വർഷം പിന്നിടവെ രാജ്യത്ത് വർഗീയ രാഷ്ട്രീയം തീവ്രമാക്കി‌ ഹിന്ദുത്വ ശക്തികൾ. അയോധ്യയ്‌ക്ക്‌ സമാനമായി വിദ്വേഷ രാഷ്ട്രീയം വളർത്താൻ സംഘപരിവാരത്തിന് മുന്നിൽ കാശിയും മഥുരയുമുണ്ട്‌. ഏകസിവിൽ കോഡിലേക്കും ഏകകക്ഷി ഭരണത്തിലേക്കും ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്കും കുതിക്കാന്‍ വെമ്പൽ കൊള്ളുകയാണ്‌ ആർഎസ്‌എസും പരിവാർ സംഘടനകളും.

മുന്നൂറിലേറെ സീറ്റുമായി രണ്ടാം മോഡി സർക്കാർ അധികാരമേറ്റതോടെ ആർഎസ്‌എസിന്റെ വർഗീയ അജൻഡയ്‌ക്ക്‌ വേഗമേറി. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയലായിരുന്നു ആദ്യം. പിന്നാലെ‌ അയോധ്യാ കേസിൽ സുപ്രീംകോടതി സംഘപരിവാറിന്‌ അനുകൂല വിധി പുറപ്പെടുവിച്ചു. ബാബറിപ്പള്ളി നിലനിന്ന ഭൂമി അപ്പാടെ ക്ഷേത്രനിർമാണത്തിന്കൈമാറി.  ക്ഷേത്രനിർമാണ ട്രസ്‌റ്റ് മോഡിസര്‍ക്കാര്‍ ‌ സംഘപരിവാർ നിയന്ത്രണത്തിലാക്കി. ആഗസ്‌ത്‌ അഞ്ചിന്‌ കോവിഡ്‌ മഹാമാരി അവഗണിച്ച്‌ ആഘോഷപൂർവം പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജ നടത്തി. ജമ്മു-കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ആഗസ്‌ത്‌ അഞ്ചുതന്നെ അയോധ്യയില്‍ ശിലയിടാന്‍ തെര‍ഞ്ഞെടുത്തു.

പള്ളി പൊളിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ എല്‍ കെ അദ്വാനി അടക്കമുള്ള  മുതിർന്ന പരിവാർ നേതാക്കളെ  സെപ്‌തംബറിൽ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. പള്ളിപൊളിച്ചത്‌ ക്രിമിനൽ നടപടിയെന്ന സുപ്രീംകോടതി നിരീക്ഷണം നിലനിൽക്കെയാണ്‌ കേസില്‍ ഒറ്റയാളെയും ശിക്ഷിക്കപ്പെടാത്ത വിചിത്രസാഹചര്യം മതേതര രാജ്യത്ത്‌ ഉരുത്തിരിഞ്ഞത്‌.

കാശിയിലെയും മഥുരയിലെയും മുസ്ലീം പള്ളികള്‍ ലക്ഷ്യമിട്ടാണ് അടുത്ത നീക്കം. അതിനൊന്നും മെനക്കെടാതെ നേരിട്ട്‌ ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ചർച്ചയുമുണ്ട്‌. തെക്കേയിന്ത്യയിലും ബംഗാളിലും സ്വാധീനമുറപ്പിച്ച് ‌ ഈ ലക്ഷ്യത്തിലേക്ക്‌ നീങ്ങാനാണ്‌ പരിവാർ ശ്രമം. ഹൈദരാബാദ്‌ മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌  ഇതിനുള്ള മുന്നൊരുക്കമായി. ചാർമിനാറിനോട്‌ ചേർന്നുള്ള ഭാഗ്യലക്ഷ്‌മി ക്ഷേത്രം കേന്ദ്രീകരിച്ചാണ്‌ ഹൈദരാബാദിൽ പരിവാർ നീങ്ങിയത്‌.  പ്രചാരണത്തിന്റെ അവസാനം അമിത്‌ ഷാ ഇവിടെ ദർശനത്തിനെത്തി.
ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കുമെന്ന്‌ യോഗി ആദിത്യനാഥ്‌ പ്രഖ്യാപിച്ചു. പാകിസ്ഥാനികളെ തുരത്താൻ പഴയനഗരത്തിൽ ‘സർജിക്കൽ സ്‌ട്രൈക്ക്‌’ നടത്തുമെന്ന്‌ മറ്റൊരു ഉന്നതൻ പ്രസംഗിച്ചു. വിദ്വേഷരാഷ്ട്രീയത്തിന്റെ ഇതേ തീവ്രപാതയിലൂടെയാകും കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഇനി സംഘപരിവാർ നീങ്ങുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top