28 September Monday

അയോധ്യ ശാന്തം ; കനത്ത സുരക്ഷ, കടകൾ തുറന്നുപ്രവർത്തിച്ചു

അയോധ്യയിൽനിന്ന്‌ എം പ്രശാന്ത്‌‌Updated: Sunday Nov 10, 2019

രാജ്യം ആകാംക്ഷയോടെ കാത്തുനിന്ന വിധിനിർണായകദിനത്തിൽ അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം. കാര്യമായ ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നഗരത്തിലുണ്ടായില്ല. അയോധ്യക്ക്‌ സമീപമുള്ള ഫൈസാബാദ്‌ നഗരവും ശാന്തമായിരുന്നു. ക്ഷേത്രനിർമാണം അനുവദിച്ച കോടതിവിധിയിൽ അയോധ്യയിലെ ഭൂരിപക്ഷവിഭാഗക്കാർ ആഹ്ലാദത്തിലാണെങ്കിലും വലിയ ആഘോഷങ്ങൾക്ക്‌ താൽപ്പര്യമെടുത്തില്ല. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന ഭൂമി നഷ്ടമായതിൽ ന്യൂനപക്ഷവിഭാഗക്കാർ നിരാശരാണ്‌. എങ്കിലും കോടതിവിധി അംഗീകരിച്ച്‌ സമാധാനസ്ഥിതി നിലനിന്നു കാണാനാണ്‌ അവർ താൽപ്പര്യപ്പെടുന്നത്‌.

കോടതിവിധി വന്ന ശനിയാഴ്‌ച അയോധ്യയിലും ഫൈസാബാദിലും കനത്ത സുരക്ഷയാണ്‌ ഏർപ്പെടുത്തിയത്‌. ഇരുനഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുറമെനിന്നുള്ള എല്ലാ വാഹനങ്ങളും കർശന പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ നഗരത്തിലേക്ക്‌ പ്രവേശിപ്പിച്ചത്‌. പ്രശ്‌നക്കാരെന്ന്‌ തോന്നുന്നവരെയെല്ലാം മടക്കിയയച്ചു. ഫൈസാബാദിൽ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. എന്നാൽ, അയോധ്യയിൽ കടകൾ തുറന്നുപ്രവർത്തിച്ചു. ദേവ്‌കലി, സാഹബ്‌ഗഞ്ച്‌, സുഭാഷ്‌നഗർ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പതിവുപോലെ വ്യാപാരം നടന്നു. സുരക്ഷകാരണം ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ദർശനത്തിന്‌ എത്തുന്ന തീർഥാടകരുടെ എണ്ണം കുറവായിരുന്നു. നയാഘാട്ട്‌, ജുങ്കിഘാട്ട്‌ തുടങ്ങി സരയൂതീരത്തെ പ്രധാന ഘാട്ടുകൾ ഒഴിഞ്ഞുകിടന്നു. സന്ധ്യാനേരത്തെ ആരതിക്ക്‌ മുടക്കമുണ്ടായില്ല. ബാബ്‌റി ഭൂമിയിൽ താൽക്കാലികക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തേക്ക്‌ വെള്ളിയാഴ്‌ചമുതൽ പ്രവേശനം അനുവദിച്ചിരുന്നില്ല.

പ‌‌ടക്കം പൊട്ടിക്കുന്നത് പൊലീസ് തട‌ഞ്ഞു
വിധി വന്നതിന്‌ പിന്നാലെ അയോധ്യയിൽ ചിലർ പടക്കം പൊട്ടിച്ച്‌ ആഘോഷത്തിന്‌ ശ്രമിച്ചെങ്കിലും പൊലീസ്‌ പെട്ടെന്നുതന്നെ ഇടപെട്ടു. ജയ്‌ ശ്രീറാം വിളികളുമായി തെരുവുകളിലൂടെ ബൈക്കിൽ നീങ്ങിയ യുവാക്കളെയും പൊലീസ്‌ പിടികൂടി. യുപി പൊലീസിന്‌ പുറമെ സിആർപിഎഫും ദ്രുതകർമ സേനയുമാണ്‌ അയോധ്യയിലും ഫൈസാബാദിലും സുരക്ഷ നിയന്ത്രിച്ചത്‌. സമാധാനസ്ഥിതി നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അയോധ്യ ജില്ലാ മജിസ്‌ട്രേട്ട്‌ അനുജ്‌ ഝാ പറഞ്ഞു. അയോധ്യയും ഫൈസാബാദും ശാന്തമാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ  ഒരുക്കമാണെന്നും- ഝാ പറഞ്ഞു. 

അയോധ്യയിൽ വലിയ ക്ഷേത്രം നിർമിക്കാൻ അവസരമൊരുങ്ങുന്നതിൽ സന്തോഷമുണ്ടെന്ന്‌ വ്യാപാരിയായ തുൾസി റാം പറഞ്ഞു. കൂടുതൽ തീർഥാടകർ അയോധ്യയിലേക്ക്‌ എത്താൻ ഇത്‌ കാരണമാകും. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അത്‌ മാറ്റമുണ്ടാക്കുമെന്നും തുൾസി റാം പറഞ്ഞു. അയോധ്യയിലെ കച്ചവടക്കാരിൽ നല്ലൊരു പങ്കും ഈയൈാരു വികാരമാണ്‌ പങ്കുവയ്‌ക്കുന്നത്‌. സ്വസ്ഥമായ ജീവിതമാണ്‌ ആഗ്രഹിക്കുന്നതെന്നും പുറമെനിന്നുള്ളവർ ഇനി കുഴപ്പങ്ങൾ സൃഷ്ടിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും രാംഘാട്ടിൽ ചായക്കട നടത്തുന്ന സന്തോഷ്‌കുമാർ പറഞ്ഞു.

ശരിയായ വിധിയാണെന്ന്‌ കേസിൽ കക്ഷിയായിരുന്ന മുഹമദ്‌ ഇഖ്‌ബാൽ അൻസാരി പറഞ്ഞു. കോടതിവിധി മാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും അൻസാരി പറഞ്ഞു.  കോടതിയും സർക്കാരും ചേർന്ന്‌ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന്‌ ചിലർ അഭിപ്രായപ്പെട്ടു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top