19 September Thursday

‘ബാബ്‌റി മസ്‌ജിദ്‌ ക്ഷേത്രാവശിഷ്ടത്തിന്‌ മുകളിലാണെന്നതിന്‌ തെളിവുണ്ടോ’:സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ നിർമിച്ചത്‌ ക്ഷേത്രാവശിഷ്ടങ്ങൾക്ക്‌ മുകളിലാണെന്നതിന്‌  തെളിവുണ്ടോയെന്ന്‌ സുപ്രീംകോടതി. ക്ഷേത്രാവശിഷ്ടങ്ങൾക്ക്‌ മുകളിലാണ്‌ പള്ളി നിർമിച്ചതെന്ന്‌ രാംലല്ല വിരാജ്‌മന്നിനുവേണ്ടി മുതിർന്ന അഭിഭാഷകൻ സി എസ്‌ വൈദ്യനാഥൻ വാദിച്ചപ്പോഴാണ്‌ തെളിയിക്കാൻ ഭരണഘടനാബെഞ്ച്‌ ആവശ്യപ്പെട്ടത്‌. കെട്ടിടത്തിനുള്ളിലെ ശിൽപ്പങ്ങളും ചിത്രങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചാൽ അത്‌ പള്ളിയായിരുന്നില്ലെന്ന്‌ ബോധ്യപ്പെടുമെന്ന്‌ വൈദ്യനാഥൻ വാദിച്ചു.

പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കുമുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ വിവിധ സംസ്‌കാരങ്ങളുടെ പതിവായിരുന്നുവെന്ന്‌ ഭരണഘടനാബെഞ്ചിൽ അംഗമായ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ചൂണ്ടിക്കാണിച്ചു. പഴയ കെട്ടിടങ്ങളുടെ ഭാഗമായ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും ദൈവികപരിവേഷം ഉണ്ടെന്ന്‌ തറപ്പിച്ചുപറയാനാകില്ല. ഈ സാഹചര്യത്തിൽ ബാബ്‌റിമസ്‌ജിദ്‌ നിലകൊള്ളുന്നത്‌ ഏതെങ്കിലും ആരാധനാലയങ്ങളുടെ  അവശിഷ്ടങ്ങളിലാണെന്ന വാദം തെളിയിക്കപ്പെടേണ്ടതുണ്ടെന്ന്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയും അഭിപ്രായപ്പെട്ടു. ഇതോടെ, അവശിഷ്ടങ്ങൾ ക്ഷേത്രത്തിന്റേത്‌ തന്നെയാണോ എന്നതിന്‌ കാര്യമായ തെളിവുകളില്ലെന്ന്‌ വൈദ്യനാഥൻ സമ്മതിച്ചു.  കേസിൽ വാദംകേൾക്കൽ തിങ്കളാഴ്‌ച തുടരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top