14 November Thursday

ബാബ‌്റി മസ‌്ജിദ‌് ഗൂഢാലോചന: ഒമ്പതുമാസത്തിനകം വിധി പറയണം: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

ന്യൂഡൽഹി> ബാബ‌്റി മസ‌്ജിദ‌് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒമ്പത‌് മാസത്തിനുള്ളിൽ വിധി പറയണമെന്ന‌് സുപ്രീംകോടതി. ഇതിനായി, വിചാരണ നടത്തുന്ന ലഖ‌്നൗ പ്രത്യേക സിബിഐ കോടതി ജഡ‌്ജിയുടെ ഔദ്യോഗിക കാലാവധി വിധി പുറപ്പെടുവിക്കുന്ന ദിവസംവരെ നീട്ടിനൽകാനും സുപ്രീം കോടതി നിർദേശിച്ചു. ഉത്തർപ്രദേശ‌് സർക്കാർ ഇതിന‌ാവശ്യമായ ഉത്തരവ‌് പുറപ്പെടുവിക്കണം.  മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ‌് ഗൂഢാലോചനക്കേസിലെ പ്രതികൾ.

സെപ‌്തംബർ 30ന‌് ഔദ്യോഗിക കാലാവധി പൂർത്തിയാകുമെന്ന‌തിനാൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയംതേടി പ്രത്യേക കോടതി ജഡ‌്ജി നൽകിയ അപേക്ഷ പരിഗണിച്ചാണ‌് ജസ‌്റ്റിസ‌് ആർ എഫ‌് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ‌്.ആറ‌് മാസത്തിനുള്ളിൽ തെളിവു രേഖപ്പെടുത്തൽ പൂർത്തിയാക്കണം. ഒമ്പത‌് മാസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. 2017 ഏപ്രിൽ അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റ‌് 13 ബിജെപി നേതാക്കളും വിചാരണ നേരിടണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഗൂഢാലോചനക്കുറ്റത്തിൽനിന്ന‌് ഇവരെ  ഒഴിവാക്കിയ അലഹബാദ‌് ഹൈക്കോടതി ഉത്തരവുചോദ്യംചെയ‌്തുള്ള അപ്പീലുകൾ പരിഗണിച്ചായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട‌് റായ‌്ബറേലി കോടതിയിൽ നടന്നിരുന്ന വിചാരണ ലഖ‌്നൗ കോടതിയിലെ ക്രിമിനൽ വിചാരണയുമായി ഏകോപിപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top