12 December Thursday

ബാബ സിദ്ദിഖിയുടെ അവസ്ഥയാകും; ജീവൻ വേണമെങ്കിൽ അഞ്ചു കോടി രൂപ വേണം; നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

മുംബൈ > ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ അവസ്ഥയാകുമെന്നും പറഞ്ഞാണ് ഭീഷണിയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മുബൈ പൊലീസിനാണ് രണ്ടാമതും ഭീഷണി സന്ദേശം ലഭിച്ചത്.

ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്ണോയ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരം മാസങ്ങള്‍ക്ക് മുന്നേ ഗുണ്ടകളെത്തി സല്‍മാനെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ആറുപേര്‍ പൊലീസ് പിടിയിലായി.

സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന് നേരെയും വധഭീഷണിയുണ്ടായിരുന്നു. പ്രഭാത സവാരിക്കിടെ ബാന്ദ്രയില്‍ വച്ച് ബൈക്കിലെത്തിയ ദമ്പതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ അയക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഭീഷണി.രാവിലെ വീടിനടിത്തുള്ള ബെഞ്ചില്‍ ഇരിക്കുന്ന സലിം ഖാന്റെ മുന്നിലേക്ക് ബൈക്കിലെത്തിയ ദമ്പതികള്‍ വണ്ടി നിര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്.

ഏതു ആള്‍ക്കൂട്ടത്തിനിടയിലായാലും സുരക്ഷാസൈനികര്‍ക്ക് നടുവിലായാലും ഉന്നംതെറ്റാതെ ജീവനെടുക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരുടെയും ബോളിവുഡ് താരങ്ങളുടെയും പേടിസ്വപ്നമാണ്. ഒന്നര ദശാബ്ദത്തെ ചരിത്രം മാത്രമുള്ള കുറ്റവാളി സംഘം രാജ്യതലസ്ഥാനത്തെ പോലും വിറപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും യുപിയിലും ഹരിയാനയിലും മാത്രമെന്ന് കരുതിയ ഈ ഗുണ്ടാസംഘത്തിന്റെ വേരുകള്‍ മുംബൈ നഗരത്തിലും സജീവം.

സംഘത്തില്‍ 700 ഷൂട്ടര്‍മാരുണ്ടെന്നും ഇവരില്‍ 300 പേരും പഞ്ചാബില്‍നിന്നാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വിലയിരുത്തുന്നു. തൊണ്ണൂറുകളില്‍ ദാവൂദ് ഇബ്രാഹിം സ്ഥാപിച്ച അധോലോകത്തിന്റെ അത്രയും വിശാലമാണ് ഈ ഗൂഢസംഘം.

ലോറന്‍സ് ബിഷ്ണോയ് 2014 മുതല്‍ ജയിലിലാണ്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസിലാണ് പിടിയിലായത്. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലിരുന്നാണ് ലോറന്‍സ് സംഘത്തെ നിയന്ത്രിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top