26 March Tuesday

എംഎൽഎമാർക്ക്‌ വേണ്ടിയുള്ള വിലപേശൽ ശരിവച്ച‌് യെദ്യൂരപ്പ; ശബ്‌ദരേഖ തന്റേതുതന്നെ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ബംഗളൂരു> കോൺഗ്രസ‌്–‌ജെഡിഎസ‌് എംഎൽഎമാരെ സ്വാധീനിക്കുന്നതിന‌് ശ്രമിച്ചെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം സ്ഥിരീകരിച്ച‌് ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പ. നേരത്തെ യെദ്യൂരപ്പ എംഎൽഎമാരെ സ്വാധീനിക്കാൻ നടത്തിയ നീക്കങ്ങളുടെ ശബ്‌ദരേഖ കുമാരസ്വാമി പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ നീക്കത്തെ ആദ്യം അസംബന്ധമെന്ന‌് വിശേഷിപ്പിച്ച യെദ്യൂരപ്പ, താൻ ഗുർമത‌്കൽ എംഎൽഎയുടെ മകനുമായി രഹസ്യസംഭാഷണം നടത്തിയെന്ന കാര്യം  സമ്മതിച്ചു. ഹുബ്ലി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ഫോൺ ചോർത്തുന്നതിന‌് മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി മുൻകൂട്ടി തിരക്കഥ തയ്യാറാക്കിയതായി യെദൂരപ്പ ആരോപിച്ചു.

ജെഡിഎസ‌് എംഎൽഎ നന്ദഗൗഡ കങ്കൂറിന്റെ മകൻ ശരണ ഗൗഡയെ ഫോണിൽ വിളിച്ചാണ‌് യെദ്യൂരപ്പ വിലപേശലിന‌് ശ്രമിച്ചത‌് . തങ്ങ‌ളുടെ നീക്കം പുറത്തതുവന്നതോടെ വിവരങ്ങൾ പുറത്തുവിട്ടതിനെതിരെ കടന്നാക്രമണം നടത്താനാണ‌് ശ്രമിച്ചത‌്. തങ്ങളുടെ നീക്കങ്ങൾ ചോർത്തിയത‌് മൂന്നാംകിട രാഷ‌്ട്രീയമാണെന്നായിരുന്നു യെദ്യൂരപ്പയുടെ വാദം. കോൺഗ്രസിൽനിന്ന‌് ഏഴ‌് എംഎൽഎമാരെ പണംകൊടുത്ത‌് തങ്ങളുടെ പക്ഷത്തെത്തിക്കാൻ നേരത്തെ ബിജെപി നീക്കം നടത്തിയിരുന്നു. അതേത്തുടർന്നുള്ള രാഷ‌്ട്രീയനാടകങ്ങൾ കർണാടകത്തിൽ തുടരുകയാണ‌്‌. അതിനിടെയാണ‌് ബിജെപിയുടെ വഴിവിട്ട നീക്കങ്ങൾക്ക‌് തെളിവുമായി മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയത‌്.

ഓപ്പറേഷൻ കമലയുമായി  ബന്ധപ്പെട്ട ശബ്ദസന്ദേശം സംബന്ധിച്ച‌് അന്വേഷണം നടത്തുമെന്ന‌് കർണാടക നിയമസഭാ സ‌്പീക്കർ കെ ആർ രമേശ‌് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടേപ്പ‌് ഫോറൻസിക‌് പരിശോധനയ‌്ക്ക‌് വിധേയമാക്കും. ആരും പരാതി നൽകിയിട്ടില്ലെങ്കിലും തന്റെ പേരുകൂടി വിവാദത്തിൽ ഉൾപ്പെട്ടതിനാലാണ‌് സ്വമേധയാ അന്വേഷണത്തിന‌് തീരുമാനിച്ചതെന്ന‌് സ‌്പീക്കർ പറഞ്ഞു. വിഷയത്തിൽ വിജിലൻസ‌് ആൻഡ‌്‌ ആന്റികറപ‌്ഷൻ ബ്യൂറോയ‌്ക്ക‌് പരാതി നൽകാനാണ‌് കോൺഗ്രസ‌് തീരുമാനം.

കർണാകടത്തിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കുന്നതായി കഴിഞ്ഞദിവസം കോൺഗ്രസ‌് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത‌്‌ ഷാ, മുൻമുഖ്യമന്ത്രി ബി എസ‌് യെദ്യൂരപ്പ എന്നിവരാണ‌് ചരടുവലികൾക്ക‌് പിന്നിൽ. 200 കോടി രൂപ അട്ടിമറിക്ക‌് വാഗ‌്ദാനം ചെയ‌്തതായും കോൺഗ്ര‌സ‌് ആരോപിച്ചു. അതിനിടെ, കേന്ദ്ര പദ്ധതികൾ ഉദ‌്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി കർണാടകത്തിൽ വരുന്നത‌് സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന‌്  മുഖ്യമന്ത്രി കുമാര സ്വാമി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top