18 September Wednesday

‘ദൈവത്തിന്റെ ജന്മസ്ഥലം സംബന്ധിച്ച തർക്കം ഏതെങ്കിലും കോടതി പരിഗണിച്ചിട്ടുണ്ടോ’; ‘അയോധ്യ’യിൽ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2019

ന്യൂഡൽഹി > ലോകത്ത്‌ എവിടെയെങ്കിലും ദൈവത്തിന്റെ ജന്മസ്ഥലം സംബന്ധിച്ച തർക്കങ്ങൾ കോടതികൾ പരിഗണിച്ചിട്ടുണ്ടോയെന്ന്‌ സുപ്രീംകോടതി. അയോധ്യഭൂമിതർക്ക കേസിൽ വാദംകേൾക്കവെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദ്യം ഉന്നയിച്ചത്‌. തർക്കഭൂമിയിൽത്തന്നെയാണ്‌ ശ്രീരാമന്റെ ജന്മമെന്നതിന്‌  കോടിക്കണക്കിന്‌ വിശ്വാസികളുടെ ഇളക്കം തട്ടാത്ത വിശ്വാസം മതിയായ തെളിവാണെന്ന്‌ രാംലല്ലയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരൻ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

‘യേശുക്രിസ്‌തു ജനിച്ചത്‌ ബെത്‌ലെഹേമിലാണെന്നത്‌ പോലെയുള്ള വിഷയങ്ങളിൽ തർക്കം ഉണ്ടായിട്ടുണ്ടോ? ലോകത്തെ ഏതെങ്കിലും കോടതികൾ ഇത്തരം വിഷയങ്ങൾ മുമ്പ്‌ പരിഗണിച്ചിട്ടുണ്ടോ ?’– ജസ്റ്റിസ്‌ എസ്‌ എ ബോബ്ഡെ ആരാഞ്ഞു. ഈ വിഷയത്തിൽ അറിവില്ലെന്നും കൂടുതൽ പരിശോധിച്ചശേഷം മറുപടി അറിയിക്കാമെന്നും കെ പരാശരൻ പറഞ്ഞു. ശ്രീരാമൻ അയോധ്യയിലാണ്‌ ജനിച്ചതെന്ന്‌ വാൽമീകി രാമായണത്തിൽ മൂന്നുവട്ടം പരാമർശിക്കുന്നുണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ ശേഷം ഇത്‌ തെളിയിക്കാൻ ബുദ്ധിമുട്ടുണ്ട്‌. കോടിക്കണക്കിന്‌ വിശ്വാസികളുടെ ഇളക്കംതട്ടാത്ത വിശ്വാസംതന്നെയാണ്‌ ഇത്തരം വിഷയങ്ങൾക്കുള്ള തെളിവെന്നും കെ പരാശരൻ വാദിച്ചു.

തർക്കഭൂമിയുടെ കൈവശാവകാശവും മേൽനോട്ടവും നിർമോഹി അഖാഡയ്‌ക്കാണെന്ന്‌ മുതിർന്ന അഭിഭാഷകൻ സുശീൽകുമാർ ജെയിൻ ആവർത്തിച്ചു. വാദം തെളിയിക്കാനുള്ള റെവന്യൂരേഖകളും മൊഴികളും ഹാജരാക്കണമെന്ന്‌ ഭരണഘടനാബെഞ്ച്‌ നിർദേശിച്ചു. നിർണായകരേഖകൾ 1982ൽ മോഷണംപോയെന്നും അനുബന്ധരേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അഭിഭാഷകൻ അപേക്ഷിച്ചു. കേസിൽ വ്യാഴാഴ്‌ചയും വാദംകേൾക്കൽ തുടരും. വെള്ളിയാഴ്‌ചയും ഭരണഘടനാബെഞ്ച്‌ അയോധ്യ കേസിൽ വാദംകേൾക്കും. അയോദ്ധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിർമോഹി അഖാഡയ്‌ക്കും രാംലല്ലയ്ക്കും സുന്നിവഖഫ്‌ബോർഡിനും വീതിച്ചുനൽകിയ അലഹബാദ്‌ ഹൈക്കോടതിയുടെ 2010ലെ വിധിക്ക്‌ എതിരായ 14 അപ്പീലുകളാണ്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ പരിഗണിക്കുന്നത്‌. മുൻ ജഡ്‌ജി എഫ്‌എംഐ ഖലീഫുള്ള അധ്യക്ഷനായ സമിതി നടത്തിയ മധ്യസ്ഥചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ്‌ ഭരണഘടനാബെഞ്ച്‌ ദൈനംദിന വാദംകേൾക്കൽ തുടങ്ങിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top