25 September Friday

വിഗ്രഹം ഒളിച്ചുകടത്താനും കോൺഗ്രസ്‌ കാവൽ ; രാമക്ഷേത്രത്തിന്‌ കോൺഗ്രസ്‌ 11 വെള്ളി ഇഷ്ടിക നൽകും

എം പ്രശാന്ത‌്Updated: Wednesday Aug 5, 2020


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദിനുള്ളിൽ ബാലരൂപത്തിലുള്ള ശ്രീരാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായമൊരുക്കിയതും കോൺഗ്രസിലെ  യാഥാസ്ഥിതികവാദികൾ. 1949 ഡിസംബർ 22ന്‌ രാത്രിയിലാണ്‌ മസ്‌ജിദിലേക്ക്‌ വിഗ്രഹം ഒളിച്ചുകടത്തിയത്.‌ 1943 ഡിസംബർ 23ന്‌ അയോധ്യാ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ അഭിറാം ദാസ്‌ എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ വിഗ്രഹം കൊണ്ടുവച്ചതെന്ന്‌ വ്യക്തമാക്കുന്നു.

ഹിന്ദു മഹാസഭ, ആർഎസ്‌എസ്‌ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളായിരുന്നു‌ അഭിറാം ദാസിനുപിന്നില്‍. നിയമനടപടിയില്‍  സംരക്ഷണമൊരുക്കിയത്‌ അന്ന്‌ ഐക്യ പ്രവിശ്യകൾ എന്നറിയപ്പെട്ടിരുന്ന ഉത്തർപ്രദേശ്‌ മേഖലയിൽ പ്രധാനമന്ത്രിയായ കോൺഗ്രസ്‌ നേതാവ്‌ ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌. മാധ്യമപ്രവർത്തകരായ കൃഷ്‌ണ ഝായും ധീരേന്ദ്ര കെ ഝായും ചേർന്നെഴുതിയ പുസ്തകം ‘അയോധ്യ–- ദി ഡാർക്ക്‌ നൈറ്റ്‌’  ഐക്യ പ്രവിശ്യകളിലെ കോൺഗ്രസ്‌ സർക്കാർ എങ്ങനെയെല്ലാം അയോധ്യാ വിഷയത്തിൽ സംഘപരിവാരത്തെ സഹായിച്ചെന്ന് വെളിപ്പെടുത്തുന്നു‌.

മസ്‌ജിദിന്റെ അകത്തളത്തിനു പുറത്ത് രാംചബൂത്ര എന്ന ഉയർത്തിക്കെട്ടിയ തറയിൽ ക്ഷേത്രം നിർമിക്കണമെന്നായിരുന്നു ഒരു വിഭാഗം സന്ന്യാസിമാർ തുടക്കത്തിൽ ആവശ്യപ്പെട്ടത്. 1949 ഡിസംബറിൽ വിഗ്രഹം സ്ഥാപിച്ചതോടെ പള്ളി നിൽക്കുന്നിടത്ത്‌ അമ്പലമെന്ന ആവശ്യം പരിവാർ സംഘടനകൾ ഉയർത്തി‌.  വിഗ്രഹം സ്വയംഭൂവായെന്ന പ്രചാരണം‌  പിന്നീടുണ്ടായി. എന്നാൽ, പൊലീസ്‌ എഫ്‌ഐആറിൽ അഭിറാം ദാസ്‌ അടക്കമുള്ളവരുടെ ചെയ്തി വിശദമാക്കുന്നു. ഐക്യപ്രവിശ്യയിലെ കോൺഗ്രസ്‌ സർക്കാരും ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായരടക്കമുള്ള ഉദ്യോഗസ്ഥപ്രമുഖരും കുഴപ്പക്കാർക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ചു. 

ഗാന്ധിവധംമുതൽ 1950ൽ സർദാർ വല്ലഭായ്‌ പട്ടേൽ മരിക്കുംവരെ കോൺഗ്രസിനുള്ളിൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ മതനിരപേക്ഷ വാദികളും പട്ടേലിന്റെ നേതൃത്വത്തിൽ യാഥാസ്ഥിതികരും തമ്മിൽ രൂക്ഷമായ ചേരിപ്പോര്‌ നിലനിന്നു. പട്ടേൽ പക്ഷത്തോടൊപ്പമായിരുന്നു ജി ബി‌ പന്ത്‌‌. ഐക്യപ്രവിശ്യയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന്‌ വർഗീയസംഘടനകളുടെ പിന്തുണയും സഹായവും പന്ത്‌ നിർലോഭം നേടി.

അമ്പതുകളുടെ അവസാനത്തോടെ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ വാദികൾ കോൺഗ്രസിൽ മേൽക്കൈ നേടി.  വര്‍ഷങ്ങള്‍ക്കുശേഷം ശിലാന്യാസ് അടക്കം അനുവദിച്ച രാജീവ്‌ ഗാന്ധി സർക്കാരിന്റെ വഴിവിട്ട നടപടി മസ്‌ജിദ്‌ തകർക്കുന്നതിന്‌ വഴിവച്ചു.


 

രാമക്ഷേത്രത്തിന്‌ കോൺഗ്രസ്‌ 11 വെള്ളി ഇഷ്ടിക നൽകും
രാമക്ഷേത്ര നിർമാണത്തിന്‌ മധ്യപ്രദേശ്‌ കോൺഗ്രസ്‌ യൂണിറ്റ്  വെള്ളികൊണ്ടുണ്ടാക്കിയ പതിനൊന്ന്‌ ഇഷ്‌ടിക നൽകുമെന്ന്‌ പാർടി അധ്യക്ഷൻ കമൽനാഥ്‌. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്ത കമൽനാഥ്‌ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌ ഇതിന്‌ തുടക്കം കുറിച്ചതെന്നും പറഞ്ഞു. 1989ൽ ക്ഷേത്രത്തിന്‌ തറക്കല്ലിട്ടത്‌ രാജീവ്‌ ഗാന്ധിയാണ്‌. വെള്ളിക്കട്ടകൾ നൽകുന്നതുസംബന്ധിച്ച്‌  കൂടുതൽ വിവരങ്ങൾ കമൽനാഥ്‌ പുറത്തുവിട്ടില്ല. തങ്ങൾ എന്തെങ്കിലും ചെയ്യുന്നത്‌ ബിജെപിക്ക്‌ മുഷിപ്പുണ്ടാക്കുന്നുവെന്ന്‌ പറഞ്ഞ കമൽനാഥ്‌  ബിജെപിക്ക്‌ ഏതെങ്കിലും മതത്തിൽ കുത്തകാവകാശമുണ്ടോയെന്നും ചോദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top