31 May Sunday

അയോധ്യാഭൂമി തർക്ക കേസ്; ചരിത്രം കുറിക്കാൻ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

ന്യൂഡൽഹി >   അയോധ്യഭൂമിത്തർക്ക കേസിൽ ഒക്ടോബർ 18നുള്ളിൽ വാദംപൂർത്തിയാക്കി നവംബർ 17നുള്ളിൽ വിധി പുറപ്പെടുവിച്ചാൽ സുപ്രീംകോടതി പുതു ചരിത്രമാകും കുറിക്കുന്നത്‌. ഏഴ്‌ പതിറ്റാണ്ടിലധികം നീണ്ട നിയമവ്യവഹാരത്തിന്‌ നവംബർ 17ന്‌ വിരമിക്കുന്നതിനുമുമ്പ്‌ വിധി പുറപ്പെടുവിക്കാനാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻഗൊഗോയുടെ പരിശ്രമം. തിങ്കൾ  മുതൽ ഔദ്യോഗികസമയം കഴിഞ്ഞ്‌ ഒരു മണിക്കൂർകൂടി  വാദംകേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.

  ആഗസ്‌ത്‌ ആറ്‌ മുതൽ ദിവസവും കേസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ വാദംകേൾക്കുന്നുണ്ട്‌. 27 ദിവസത്തെ വാദംകേൾക്കലിനിടെ നിർമോഹി അഖാഡ, രാംലല്ല വിരാജ്‌മൻ, രാമജൻമഭൂമി പുനരുദ്ധാരണസമിതി, ഹിന്ദുമഹാസഭ, സുന്നിവഖഫ്‌ബോർഡ്‌ തുടങ്ങിയ കക്ഷികളുടെ വാദങ്ങൾ കേട്ടു. ഒക്ടോബർ 18 ന്‌ വാദംകേൾക്കൽ പൂർത്തിയായാൽ 42 ദിവസത്തെ വാദംകേൾക്കലാണ്‌  നടക്കുക. സുപ്രീംകോടതിയുടെ ചരിത്രത്തിലെ നീളം കൂടിയ രണ്ടാമത്തെ വാദംകേൾക്കലാകും ഇത്‌.  68 ദിവസം കോടതി വാദംകേൾക്കൽ നീണ്ട കേശവാനന്ദഭാരതി കേസിനാണ്‌ ആദ്യസ്ഥാനം. 38 ദിവസം നീണ്ട ആധാർ കേസ് വാദമാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്.
വിപുലമായ രേഖകൾ

വാൽമീകി രാമായണം, സ്‌കന്ദപുരാണം, വസിഷ്‌ഠസംഹിത, ബാബർനാമ, അയിൻ ഐ അക്‌ബറി (അക്‌ബറിന്റെ ഭരണം), തുസുക്ക്‌ ഇ ജഹാംഗിറി (ജഹാംഗീറിന്റെ ആത്മകഥ), ഹുയാൻസാങ്ങിന്റെ യാത്രാവിവരണം,  1862 മുതൽ 1865 വരെയുള്ള ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടുകൾ തുടങ്ങി വിപുലമായ പുരാണ, ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലാണ്‌ വാദങ്ങൾ.

കോടതിയുടെ ചോദ്യങ്ങൾ

ലോകത്ത്‌ ഏതെങ്കിലും കോടതി ദൈവത്തിന്റെ ജൻമസ്ഥലം സംബന്ധിച്ച തർക്കം തീർപ്പാക്കിയിട്ടുണ്ടോ? യേശുവിന്റെ ജൻമസ്ഥലം ബെത്‌ലഹേമിൽ ആയിരുന്നുവെന്ന വാദത്തെ ആരെങ്കിലും ചോദ്യം ചെയ്‌തിട്ടുണ്ടോ?  രഘുവംശത്തിന്റെ പിന്തുടർച്ചക്കാർ ആരെങ്കിലുമുണ്ടോ?–- തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾ വാദംകേൾക്കലിനിടെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അയോധ്യയിൽ പള്ളിയോ പള്ളിയുടെ രൂപത്തിലുള്ള കെട്ടിടമോ ഉണ്ടായിരുന്നുവെന്ന വസ്‌തുത നിഷേധിക്കാൻ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രധാന വാദങ്ങൾ

അയോധ്യയിൽ ക്ഷേത്രം തകർത്താണ്‌ പള്ളി പണിതെന്ന  വാദമാണ്‌ രാംലല്ല വിരാജ്‌മൻ പ്രധാനമായും ഉന്നയിച്ചത്‌. പള്ളിക്കുംമുമ്പ്‌ മണ്ഡപങ്ങളും തൂണുകളുമുള്ള കെട്ടിടം അവിടെ ഉണ്ടായിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുക്കളുടെ വിശ്വാസവും സാധ്യതകളുടെ ബാഹുല്യവും കണക്കിലെടുത്ത്‌ അത്‌ രാമക്ഷേത്രമായിരുന്നുവെന്ന്‌ കണക്കാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

1934നുശേഷം മുസ്ലിങ്ങൾ ബാബ്‌റി പള്ളിക്കുള്ളിൽ സ്ഥിരമായി പ്രാർഥന നടത്തിയിട്ടില്ലാത്തിനാൽ 1934 മുതൽ കെട്ടിടം പള്ളിയല്ലെന്ന വാദമാണ്‌ നിർമോഹി അഖാഡ ഉന്നയിച്ചത്‌. 1949ന്‌ ശേഷം  നിർമോഹി അഖാഡയുടെ പക്കൽനിന്ന്‌ ക്ഷേത്രത്തിന്റെ മേൽനോട്ടചുമതല എടുത്തുകളഞ്ഞു. കൈവശാവകാശം സ്ഥാപിക്കാനുള്ള രേഖകൾ കൈവശമില്ല. 1982ൽ കെട്ടിടത്തിൽ ഉണ്ടായ കവർച്ചയിൽ രേഖകൾ നഷ്ടപ്പെട്ടതായും അവർ അവകാശപ്പെട്ടു.

 ബാബ്‌റി മസ്‌ജിദ്‌ നിർമിച്ചത്‌ ബാബറാണെന്ന്‌ ‘ബാബർനാമ’യിൽ പരാമർശമുണ്ടെന്ന്‌ സുന്നി വഖഫ്‌ബോർഡ്‌ ചൂണ്ടിക്കാണിച്ചു.  1949 ഡിസംബർ 22, 23 തീയതികളിൽ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ പ്രതിഷ്‌ഠിച്ചത്‌ ആസൂത്രിതമായ ഗൂഢാലോചനയായിരുന്നുവെന്നും ബോർഡ്‌ ചൂണ്ടിക്കാട്ടി.നെഹ്‌റു ഉൾപ്പെടെ ഈ സംഭവത്തിൽ  ആശങ്ക രേഖപ്പെടുത്തിയിരുന്നു. കടന്നുകയറി പ്രതിഷ്‌ഠിച്ച വിഗ്രഹം എടുത്തുമാറ്റാൻ അന്നത്തെ ചീഫ്‌സെക്രട്ടറി നിർദേശിച്ചു. ഫൈസാബാദ്‌  കലക്ടറായിരുന്ന കെ കെ നായർ നിർദേശം അനുസരിച്ചില്ല. രാമജൻമഭൂമി  ചർച്ചകൾ 1989 നുശേഷം മാത്രമുണ്ടായ ‘പ്രതിഭാസ’മാണ്‌.  കൂടുതൽ കോലാഹലങ്ങൾക്കും രഥയാത്രകൾക്കും അവസരം നൽകരുതെന്നും ബോർഡ്‌ ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top