27 September Sunday

അയോധ്യ തർക്കഭൂമി കേന്ദ്ര ട്രസ്‌റ്റിന്‌, ക്ഷേത്രം നിർമിക്കാം; സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി > അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽതന്നെ പ്രധാനപ്പെട്ട സ്ഥലത്ത്‌ അഞ്ചേക്കർ ഭൂമിയാണ്‌ സുന്നി വഖഫ്‌ ബോർഡിന്‌ നൽകേണ്ടത്‌. ഈ ഭൂമിയിൽ ആരാധനാലയം നിർമിക്കാം. ഭൂമി സംസ്‌ഥാന സർക്കാരോ കേന്ദ്രമോ ഏറ്റെടുത്ത്‌ നൽകണം.ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള 2010ലെ അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്‌ സുപ്രീംകോടതിയുടെ വിധി.

തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന്‌ മൂന്ന്‌മാസത്തിനുള്ളിൽ  കേന്ദ്രസർക്കാർ ട്രസ്‌റ്റ്‌ രൂപീകരിക്കണം. അതിൽ നിർമോഹി അഖാഡയ്‌ക്ക്‌ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ്‌ കോടതിവിധി നിലനിൽക്കുന്നതല്ലെന്നും ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധിച്ചു.   ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കുപുറമേ ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ്‌ വിധി. ഏകകണ്‌ഠമായ വിധിയാണ്‌ പ്രസ്‌താവിച്ചത്‌.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്. നിര്‍മോഹി അഖാഡയുടെ ഹര്‍ജികള്‍ തള്ളുകയും സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്‌മാന്റെയും ഹര്‍ജികളിലാണ് കോടതി വിധിപറഞ്ഞത്.

വിധിപ്പകർപ്പിന്റെ പൂർണരൂപം വായിക്കാം
 

പ്രധാന നിരീക്ഷണങ്ങൾ

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്കാവില്ല. രാമജന്മഭൂമിക്ക്‌ നിയമവ്യക്തിത്വം ഇല്ല. ശ്രീരാമന്‌ നിയമവ്യക്തിത്വം ഉണ്ട്‌. നിർമോഖി അഖാഡെയുടെ ഹർജി നിലനിൽക്കില്ല. ഖനനത്തിൽ ക്ഷേത്രാവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട്‌  തള്ളിക്കളയാനാവില്ല.

1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെക്കുകയും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്ത സംഭവം നിയമവിരുദ്ധമായിരുന്നു. ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടായിരുന്നു.

ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല. അയോധ്യ രാമജന്മഭൂമിയാണെന്നാണ്‌ ഹൈന്ദവ വിശ്വാസമെന്ന്‌ ചരിത്രരേഖയും സാക്ഷി മൊഴിയും. രാം ചബ്രൂതയിലും സീത രസോയി ഹിന്ദുക്കൾ പൂജ നടത്തിയതിന്‌ തെളിവുണ്ട്‌.വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥനെ തീരുമാനിക്കനാകില്ല.

1987ന് മുന്‍പ് പള്ളി കൈവശമുണ്ടായിരുന്നു എന്നത് സംബന്ധിച്ച് തെളിവ് ഹാജരാക്കാന്‍ മുസ്ലിം സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ 1989 വരെ പ്രാര്‍ഥന നടന്നിരുന്നു തുടങ്ങിയവയാണ്‌ പ്രധാന നിരീക്ഷണങ്ങൾ.


ഏഴുപതിറ്റാണ്ട്‌ നീണ്ട നിയമപോരാട്ടമാണ്‌ സുപ്രീംകോടതി വിധിയോടെ അവസാനിക്കുന്നത്‌. സുന്നി വഖഫ്‌ ബോർഡ്‌, നിർമോഹി അഖാഡ, രാമ വിഗ്രഹത്തിന്റെ പ്രതിനിധികൾ എന്നിവർക്ക്‌ 2.77 ഏക്കർ ഭൂമി തുല്യമായി വീതിച്ച്‌ 2010 സെപ്‌തംബറിലാണ്‌ അലഹബാദ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെതിരെ മൂന്ന്‌ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു. തുടർച്ചയായി നാൽപ്പത്‌ ദിവസമാണ്‌ വാദംകേട്ടത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top