19 November Tuesday

അയോധ്യയിലെ നിർമാണം; സുപ്രീം കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

അയോധ്യ വിധിയിൽ സുപ്രീം കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

അയോധ്യയിലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതി ഉണ്ടാക്കണം. തുടര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങളുമുണ്ടാക്കണം. ക്ഷേത്ര നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ട്രസ്റ്റികള്‍ക്ക് അധികാരമുണ്ടായിരിക്കും.

ഇന്നര്‍, ഔട്ടര്‍ കോര്‍ട്ട് യാര്‍ഡുകള്‍ ട്രസ്റ്റിന് കൈമാറണം. ഏറ്റെടുത്ത ബാക്കി ഭൂമിയില്‍ ട്രസ്റ്റിന് നല്‍കുകയോ പദ്ധതി പ്രകാരമുള്ള വികസനപരിപാടികള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാം. പദ്ധതി തയ്യാറാക്കി ഭൂമി ട്രസ്റ്റിന് കൈമാറുന്നത് വരെ ഭൂമിയുടെ നിയന്ത്രണം ഇപ്പോഴത്തെ പോലെ കേന്ദ്രസര്‍ക്കാരിനായിരിക്കും. ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനൊപ്പം സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണം.

അയോധ്യയിലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരോ അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരോ ആണ് ഭൂമി നല്‍കേണ്ടത്. ഇതിനായി കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും കൂടിയാലോചന നടത്തണം. ഇവിടെ പള്ളി പണിയാന്‍ സുന്നി സെന്‍ട്രല്‍ ബോര്‍ഡിന് അധികാരമുണ്ട്. തര്‍ക്കഭൂമിയില്‍ ആരാധനക്ക് അവസരം നല്‍കണമെന്ന കാര്യത്തില്‍ ക്രമസമാധാന പാലനം സംബന്ധിച്ച തദ്ദേശ അധികാരികളുടെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

സുപ്രീംകോടതി വിധിപ്പകർപ്പിന്റെ പൂർണരൂപം വായിക്കാം...


പ്രധാന വാർത്തകൾ
 Top