20 November Wednesday

അയോധ്യ: കക്ഷികൾ വാദങ്ങൾ എഴുതി നൽകി

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

ന്യൂഡൽഹി >  അയോധ്യ ഭൂമിതർക്ക കേസിലെ കക്ഷികൾ അധികവാദങ്ങൾ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്‌ എഴുതി നൽകി. ഹിന്ദു, മുസ്ലിം കക്ഷികൾ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിനാണ്‌ വാദങ്ങൾ എഴുതിനൽകിയത്‌. ബുധനാഴ്‌ച വാദംകേൾക്കൽ പൂർത്തിയാക്കിയ ബെഞ്ച്‌ മൂന്ന്‌ ദിവസത്തിനുള്ളിൽ അധികവാദങ്ങൾ എഴുതിനൽകാൻ കക്ഷികളോട്‌ നിർദേശിച്ചിരുന്നു. വാദംകേൾക്കലിൽ ഉന്നയിച്ച അതേ വാദങ്ങളാണ്‌ അധികവാദമായി എഴുതി നൽകിയത്‌. കക്ഷികളും അവർ ഉന്നയിച്ച വാദങ്ങളും. 

രാംലല്ല വിരാജ്‌മൻ

രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ്‌ ബോർഡ്‌ എന്നീ കക്ഷികൾക്ക്‌ തുല്യമായി വീതിച്ച ഹൈക്കോടതി വിധി റദ്ദാക്കണം. തർക്കഭൂമി മുഴുവനായും രാംലല്ലയ്‌ക്ക്‌ കൈമാറണം. നിർമോഹി അഖാഡയ്‌ക്കോ സുന്നി വഖഫ്‌ ബോർഡിനോ തർക്കഭൂമിയിൽ ഒരവകാശവുമില്ല. ബാബ്‌റി മസ്‌ജിദ്‌ നിലവിൽ ഇല്ലാത്തതിനാൽ അതിനു പകരം ഭൂമിക്കോ തത്തുല്യമായ നഷ്ടപരിഹാരത്തിനോ മുസ്ലിം കക്ഷികൾക്ക്‌ അവകാശമില്ല.

നിർമോഹി അഖാഡ

കോടതി വിധി ഹിന്ദുക്കൾക്ക്‌ അനുകൂലമെങ്കിൽ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകണം. രാമവിഗ്രഹത്തെ പൂജിക്കാനുള്ള അവകാശവും ക്ഷേത്രത്തിന്റെയും പരിസരപ്രദേശത്തിന്റെയും ഭരണാധികാരവും കൈമാറണം. 2010ലെ അലഹബാദ്‌ ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിക്കുന്ന പക്ഷം, തർക്കഭൂമി ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ഹിന്ദുകക്ഷികൾക്ക്‌ കൈമാറാൻ മുസ്ലിം കക്ഷികളോട്‌ കോടതി നിർദേശിക്കണം.
തർക്കഭൂമിക്കു പുറത്ത്‌ മുസ്ലിം കക്ഷികൾക്ക്‌ ബാബ്‌റി മസ്‌ജിദിനു പകരം പള്ളി പണിയാനുള്ള ഭൂമി അനുവദിക്കാൻ ഉത്തർപ്രദേശ്‌ സർക്കാരിനോട്‌ ഉത്തരവിടണം.

ഷിയാ വഖഫ്‌ ബോർഡ്‌

തർക്കഭൂമിയിൽ സുന്നി വഖഫ്‌ ബോർഡിന്‌ ഉടമസ്ഥതയില്ല. ഷിയാ വഖഫ്‌ ബോർഡിനാണ്‌ അവകാശം. ഹൈക്കോടതി സുന്നി വഖഫ്‌ ബോർഡിന്‌ നൽകിയ ഭൂമി ഹിന്ദുകക്ഷികൾക്ക്‌ കൈമാറണം.

സുന്നി വഖഫ്‌ ബോർഡ്‌
1992 ഡിസംബർ ആറിന്‌ തകർക്കപ്പെടുന്നതിനുമുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക്‌ ബാബ്‌റി മസ്‌ജിദ്‌ പുനർനിർമിക്കണം.

രാമജന്മഭൂമി പുനരുദ്ധാർ സമിതി

തർക്കഭൂമിയിൽ രാമക്ഷേത്രം മാത്രമേ നിർമിക്കാൻ പാടുള്ളൂ. ക്ഷേത്രം നിർമിച്ചശേഷം ട്രസ്റ്റ്‌ രൂപീകരിച്ച്‌ അതിന്റെ നിയന്ത്രണവും അധികാരവും ആ ട്രസ്റ്റിന്‌ കൈമാറണം.

ഹിന്ദുമഹാസഭ

ക്ഷേത്രത്തിന്റെ മേൽനോട്ടത്തിനും പരിപാലനത്തിനുമായി സുപ്രീംകോടതി ട്രസ്റ്റ്‌ രൂപീകരിക്കണം. ഈ ട്രസ്റ്റ്‌ നിയന്ത്രിക്കാൻ അഡ്‌മിനിസ്‌ട്രേറ്ററെയും നിയമിക്കണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top