30 September Wednesday

ബാബ്‌റി മസ്‌ജിദ്‌ തകർത്തതിന്റെ 27-ാം വാർഷികം; ശാന്തം അയോധ്യ

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019

ന്യൂഡൽഹി >  അയോധ്യയിലെ തർക്കഭൂമി ക്ഷേത്രനിർമാണത്തിന്‌ പൂർണമായും വിട്ടുകൊടുത്ത സുപ്രീംകോടതി വിധി എത്രമാത്രം നീതിപൂർവകമാണെന്ന ചോദ്യം നിലനിൽക്കെയാണ്‌ ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിന്റെ 27–-ാം വാർഷികദിനാചരണം. 1992 ഡിസംബർ ആറിൽ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചുകൊണ്ട്‌ ഇന്ത്യയുടെ മതനിരപേക്ഷാടിത്തറയ്‌ക്ക്‌ കനത്ത പ്രഹരമാണ്‌ സംഘപരിവാർ ഏൽപ്പിച്ചത്‌. പള്ളി പൊളിച്ചത്‌ ക്രിമിനൽ കുറ്റമാണെന്ന്‌ വിധിന്യായത്തിൽ നിരീക്ഷിച്ച സുപ്രീംകോടതി പള്ളി നിലനിന്നിരുന്ന സ്ഥലം അപ്പാടെ അമ്പലം നിർമാണത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌.

കോടതി വിധി വന്നശേഷം അയോധ്യ ശാന്തമാണ്‌. ബാബ്‌റി മസ്‌ജിദ്‌ നിലന്നിരുന്ന 2.77 ഏക്കറും അതിനു ചുറ്റുമുള്ള അറുപതേക്കറോളവും സുരക്ഷാസേനയുടെ കനത്ത കാവലിലാണ്‌. ഈ ഭൂമി രണ്ടാൾ പൊക്കത്തിലുള്ള ഇരുമ്പുവേലിയാൽ അടച്ചിരിക്കുകയാണ്‌. പള്ളി നിലനിന്നിരുന്ന സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക രാമക്ഷേത്രത്തിലേക്ക്‌ ആളുകളെ കടത്തിവിടുന്നുണ്ട്‌. ഒരുസമയം ഒരാൾക്കുമാത്രം നടന്നുനീങ്ങാവുന്ന വിധം അരകിലോമീറ്ററോളം കമ്പിവേലികൊണ്ട്‌ പ്രത്യേക ഇടനാഴി തീർത്താണ്‌ ആളുകളെ വിടുന്നത്‌. മൂന്ന്‌ ഘട്ടങ്ങളിലായി കർശനമായ ദേഹപരിശോധനയുണ്ട്‌.

ക്ഷേത്രനിർമാണത്തിനും നടത്തിപ്പിനുമായി കേന്ദ്ര സർക്കാർ പ്രത്യേക ട്രസ്റ്റ്‌ രൂപീകരിക്കണമെന്നാണ്‌ സുപ്രീംകോടതി വിധി. ആഴ്‌ചകൾ പിന്നിട്ടിട്ടും ട്രസ്റ്റ്‌ രൂപീകരണം എങ്ങുമെത്തിയിട്ടില്ല. അയോധ്യാ ഭൂമി അമ്പലനിർമാണത്തിന്‌ നൽകിയതിനു പകരമായി പുതിയ പള്ളി നിർമിക്കുന്നതിന്‌ എതിർകക്ഷിയായ സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ  അയോധ്യയിൽത്തന്നെ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌. ഈ നടപടിക്കും തുടക്കമായിട്ടില്ല.

ഭൂമി വേണ്ടെന്ന നിലപാടിലാണ്‌ മുസ്ലിം വ്യക്തിനിയമ ബോർഡ്‌. പുനഃപരിശോധനാ ഹർജിയിൽ തീർപ്പായശേഷമാകും ഇക്കാര്യങ്ങളിലെല്ലാം ചിത്രം തെളിയുക.

കോടതി വിധിയോട്‌ സമ്മിശ്ര പ്രതികരണമാണ്‌ അയോധ്യാവാസികൾക്കുള്ളത്‌. ഇനിയൊരു ഡിസംബർ ആറ്‌ ആവർത്തിക്കരുതെന്നതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. പുറമെനിന്ന്‌ എത്തുന്ന സംഘപരിവാർ നേതാക്കളും പ്രവർത്തകരുമാണ്‌ അയോധ്യയിലെ സമാധാനസ്ഥിതിക്ക്‌ ഭീഷണിയെന്ന്‌ നഗരവാസികൾ മതഭേദമെന്യേ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top