19 November Tuesday

അസ്‌താന കൈക്കൂലി വാങ്ങിയതായി നുണപരിശോധനാഫലം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി >  മുൻ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ്‌ അസ്‌താനയ്‌ക്കെതിരായ അഴിമതിക്കേസിൽ പരാതിക്കാരന്റെ മൊഴി ശരിയെന്ന്‌ നുണപരിശോധനാഫലം.  അസ്‌താന കൈക്കൂലി വാങ്ങിയെന്ന്‌  പരാതിക്കാരൻ സതീഷ്‌ ബാബു സന നൽകിയ മൊഴി ശരിയാണെന്ന്‌ നുണപരിശോധനയിൽ വ്യക്തമായി.

മാംസ കയറ്റുമതിക്കാരനായ മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസിൽ അസ്താന രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസിൽ അനുകൂലതീരുമാനം എടുക്കാൻ മനോജ് പ്രസാദ് എന്നയാൾ വഴി കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ നുണപരിശോധനാഫലം. മോയിന്‍ ഖുറേഷിയുടെ പേര് പരാമര്‍ശിക്കാതിരിക്കാനാണ്‌ പണം വാങ്ങിയതെന്നാണ്‌ സതീഷ് സനയുടെ മൊഴി.

ഇത് ശരിയാണോ എന്ന് ഉറപ്പാക്കാനാണ് നുണ പരിശോധന നടത്തിയത്. സനായുടെ മൊഴി ശരിയാണെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പേരേയും ഒരു സാക്ഷിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഖുറേഷി കേസില്‍ പണം വാങ്ങിയത് അലോക് വര്‍മ്മ ആണെന്നായിരുന്നു അസ്താനയുടെ ആരോപണം. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ തനിക്കെതിരെ പ്രതികാര നടപടിയായി രജിസ്റ്റര്‍ ചെയ്തതാണ് കേസ് എന്നായിരുന്നു അസ്താനയുടെ വാദം.


പ്രധാന വാർത്തകൾ
 Top