27 September Monday
ആറ്‌ പൊലീസുകാര്‍ ഉൾപ്പെടെ ഏഴ്‌ അസംകാര്‍ 
 കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കൂട്ടിൽ കേന്ദ്രസർക്കാർ

മിസോറമിനെതിരെ അസം ഉപരോധം; സംഘര്‍ഷാവസ്ഥ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ഗുവാഹത്തി > അതിർത്തി തർക്കത്തിൽ ആറ്‌ പൊലീസുകാർ ഉൾപ്പെടെ ഏഴ്‌ അസംകാർ കൊല്ലപ്പെട്ട അസം –- മിസോറം അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു. അസമിൽ കാബു​ഗഞ്ച്, ധോലെ എന്നിവിടങ്ങളിൽ നാട്ടുകാർ മിസോറമിലേക്കുള്ള പാതകൾ തടഞ്ഞ് ഉപരോധം തുടങ്ങി. ബുധനാഴ്ചമുതൽ മിസോറമിനെ സാമ്പത്തികമായി ഉപരോധിക്കുമെന്ന് അസമിലെ അതിർത്തി ​പട്ടണങ്ങളിലും ​ഗ്രാമങ്ങളിലും ഉള്ളവർ പറഞ്ഞു. അസമിലെ ബരാക്‌ താഴ്‍വരയിൽ ബരാക്‌ ഡെമോക്രാറ്റിക് ഫ്രണ്ട് ബുധനാഴ്ച 12 മണിക്കൂർ ബന്ദ്‌ പ്രഖ്യാപിച്ചു. 

ബിജെപി ഭരിക്കുന്ന അസമും സഖ്യകക്ഷി ഭരിക്കുന്ന മിസോറമും തമ്മിൽ ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ സംഘർഷവും രക്തച്ചൊരിച്ചിലും ഉണ്ടായത്‌ കേന്ദ്ര സർക്കാരിനെ  പ്രതിക്കൂട്ടിലാക്കി. തർക്കം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ മേഖലയിലെത്തി മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ മടങ്ങി രണ്ട്‌ ദിവസം തികയുംമുമ്പാണ്‌ അസം പൊലീസുകാരടക്കം കൊല്ലപ്പെട്ടത്‌. ജില്ലാ പൊലീസ്‌ മേധാവിയടക്കം അറുപതോളം അസം പൊലീസുകാർക്കാണ്‌ പരിക്കേറ്റത്‌. അസം പൊലീസുകാരാണ്‌ ആക്രമണം തുടങ്ങിയത്‌ എന്ന്‌ മിസോറം പറയുന്ന സംഘർഷത്തിൽ അവരുടെ ഭാഗത്ത്‌ ആൾനാശമുണ്ടോ  എന്ന്‌ അറിവായിട്ടില്ല. കേന്ദ്രം കൂടുതൽ സിആർപിഎഫ് സേനയെ അവിടേക്ക്‌ നിയോ​ഗിച്ചിട്ടുണ്ട്‌.  അതിർത്തി ജില്ലകളായ കച്ചാർ, കരീം​ഗഞ്ച്, ഹായിലക്കണ്ടി എന്നിവിടങ്ങളിലേക്ക്‌ അസം സർക്കാർ മൂന്ന് കമാൻഡോ ബറ്റാലിയനുകളെ നിയോ​ഗിച്ചു.

മെഷീൻ ​ഗൺ 
ഉപയോ​ഗിച്ചെന്ന് അസം
ലൈറ്റ് മെഷീൻ ​ഗൺ അടക്കം ഉപയോ​ഗിച്ച് മിസോറം പൊലീസ് വെടിവച്ചതായി അസം സര്‍ക്കാര്‍ ആരോപിച്ചു. ഇരുനൂറോളം അസം പൊലീസുകാര്‍ സിആര്‍പിഎഫ് പോസ്റ്റ് ബലമായി മറികടന്ന് നിരപരാധികൾക്കുനേരെ വെടിവയ്പ് ഉൾപ്പെടെ നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്ന് മിസോറം ആഭ്യന്തരമന്ത്രി പ്രതികരിച്ചു. അസം പൊലീസുകാരും നാട്ടുകാരും അതിക്രമിച്ച് കയറുന്നത് തടയാൻ സിആര്‍പിഎഫിന് കഴിഞ്ഞില്ലെന്ന് മന്ത്രി ലാല്‍റോക്ടിമയും വിമര്‍ശിച്ചു.

സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹിമന്ത
അതിർത്തിയിലെ വനം സംരക്ഷിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.  മറ്റൊരു സംസ്ഥാനത്തിന് ഭൂമി വിട്ടുകൊടുക്കണമെന്ന് പാർലമെന്റ് നിയമം കൊണ്ടുവന്നാൽ അം​ഗീകരിക്കും. എന്നാൽ അതുവരെ ഒരിഞ്ച് ഭൂമിപോലും കൈയേറാൻ അനുവദിക്കില്ല. മിസോറമുമായി അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തിലാണ്‌ തീരുമാനം. ആറ്‌ പൊലീസുകാർ ഉൾപ്പെടെ ഏഴ്‌ അസംകാർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷംവീതവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും പരിക്കേറ്റവർക്ക് ഒരു ലക്ഷംവീതവും  നൽകും. പരിക്കേറ്റ പൊലീസുകാർക്ക് ഒരുമാസത്തെ ശമ്പളം അധികമായി നൽകും.  പരിക്കേറ്റ പൊലീസുകാരെ  ഹിമന്ത സിൽച്ചാർ മെഡിക്കൽ കോളേജിലെത്തി കണ്ടു. പരിക്കേറ്റ കച്ചാർ എസ്‌പി വൈഭവ് ചന്ദ്രകാന്ത് നിംബൽക്കറെ വിമാനത്തിൽ  മുംബൈയിലേക്ക് മാറ്റി. സംഘർഷത്തിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ വിമർശിച്ചു. അമിത് ഷാ രാജ്യത്തെ ഒരിക്കൽക്കൂടി പരാജയപ്പെടുത്തിയതായി രാഹുൽ ​ഗാന്ധി വിമർശിച്ചു. സ്ഥിതി വിലയിരുത്താൻ പിസിസി അധ്യക്ഷൻ ബുപൻ ബോറയടക്കം ഏഴം​ഗ സമിതിയെ  കോൺ​ഗ്രസ് നിയോ​ഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top