24 October Thursday

വ്യത്യസ്‌തനായ ബിജെപി നേതാവ്‌: തോമസ്‌ ഐസക്

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

തിരുവനന്തപുരം > പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്‌ലിയെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തനായിരുന്നു. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവികൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരം നിർദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൗൺസിലിൽ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്‌. 

അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്‌ലി ആശ്വാസമായിരുന്നു. പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടി. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നത്യത്തിലാണ് അദ്ദേഹം കണ്ടതെന്ന് രാജ്യസഭയിൽനിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു.

വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്‌ലിയെപ്പോലെ ക്രിയാത്മക നിർദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവികൊടുക്കുന്ന ഒ നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാടെന്നും തോമസ്‌ ഐസക്‌ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top