03 March Wednesday

ബാലാകോട്ട്‌ ആക്രമണം അർണബ്‌ മുമ്പേ അറിഞ്ഞു; രാജ്യസുരക്ഷ ഭീഷണിയിൽ

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

ന്യൂഡൽഹി > വ്യോമസേന 2019ൽ നടത്തിയ ബാലാകോട്ട്‌ മിന്നലാക്രമണത്തെക്കുറിച്ച്‌ റിപ്പബ്ലിക് ടിവി എഡിറ്ററും ബിജെപി അനുഭാവിയുമായ അർണബ്‌ ഗോസ്വാമി മുൻകൂട്ടി അറിഞ്ഞതായി വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം പുറത്തുവന്ന അർണബിന്റെ വാട്സാപ് ചാറ്റുകളിൽ നിന്നാണ്‌ സൈന്യം അതീവരഹസ്യമായി ആസൂത്രണംചെയ്‌ത ബാലാകോട്ട്‌‌ ആക്രമണം ചോർന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ടിവി ചാനലുകളുടെ റേറ്റിങ്‌ കണക്കാക്കുന്ന ബ്രോഡ്‌കാസ്‌റ്റ്‌ ഓഡിയൻസ്‌ റിസർച്ച്‌ കൗൺസിൽ (ബാർക്ക്‌) മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള വാട്സാപ് ചാറ്റിലാണ്‌ ബാലാകോട്ട്‌ ആക്രമണത്തെക്കുറിച്ച്‌ അർണബ്‌ പറയുന്നത്‌.

‘സാധാരണ ആക്രമണത്തേക്കാൾ വലുത്‌’ എന്നാണ്‌ അർണബ്‌ പാർത്ഥോയ്‌ക്കയച്ച സന്ദേശത്തിൽ പറഞ്ഞത്‌. 2019 ഫെബ്രുവരി 23 നാണ്‌ അർണബിന്റെ സന്ദേശം.  മൂന്നാം ദിവസം ഫെബ്രുവരി 26ന്‌ വ്യോമസേന ബാലാകോട്ടിൽ മിന്നലാക്രമണം നടത്തി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾപോലും ഭരണകേന്ദ്രങ്ങളിൽനിന്ന്‌ അർണബിന്‌ ലഭിക്കുന്നുണ്ടെന്നതിന്‌ തെളിവാണ്‌ വാട്സാപ്‌ ചാറ്റ്‌.
റിപ്പബ്ലിക് ടിവിയും അർണബും പ്രതിസ്ഥാനത്തുള്ള ടിആർപി തട്ടിപ്പ്‌ കേസ്‌ അന്വേഷിക്കുന്ന മുംബൈ പൊലീസാണ്‌ അന്വേഷണത്തിന്റെ ഭാഗമായി വാട്സാപ്‌ ചാറ്റുകൾ ശേഖരിച്ചത്‌. മുംബൈ പൊലീസ്‌ കോടതിയിൽ സമർപ്പിച്ച 3400 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ വാട്സാപ്‌ ചാറ്റുകളുടെ വിശദാംശങ്ങളുണ്ട്‌.

‘ദാവൂദ്‌ ആണോ; അല്ല പാകിസ്ഥാൻ’

വലുതൊന്ന്‌ സംഭവിക്കാൻ പോകുന്നുവെന്ന്‌ 2019 ഫെബ്രുവരി 23ന്‌ പാർത്ഥോയ്‌ക്കയച്ച സന്ദേശത്തിൽ അർണബ്‌ പറയുന്നുണ്ട്‌. ഇതിന്‌ മറുപടിയായി ‘ദാവൂദ്‌?’ എന്ന സംശയം പാർത്ഥോ പ്രകടിപ്പിച്ചു. അല്ല പാകിസ്ഥാൻ എന്ന്‌ പ്രതികരിച്ച അർണബ്‌ ഇക്കുറി വലുതായ ചിലത്‌ സംഭവിക്കുമെന്നും വ്യക്തമാക്കി. സാധാരണ ആക്രമണത്തേക്കാൾ വലിയ ആക്രമണമാണ്‌ നടക്കുകയെന്നും ഇത്‌ മോഡിക്ക്‌ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നും സംഭാഷണത്തിൽ തുടരുന്നു. കശ്‌മീരിന്റെ കാര്യത്തിലും ചില പ്രധാന സംഭവങ്ങളുണ്ടാകുമെന്ന്‌ അർണബ്‌ വിശദീകരിക്കുന്നു‌.
മറ്റുചില ചാറ്റുകളിൽ തന്റെ ആവശ്യങ്ങൾക്കായി സർക്കാരുമായി ബന്ധപ്പെടണമെന്ന്‌ പാർത്ഥോ അർണബിനോട്‌ അഭ്യർഥിക്കുന്നുണ്ട്‌.
‘AS’ എന്ന ആളിൽനിന്ന്‌ സഹായം തേടാനാകുമോയെന്നാണ്‌ അഭ്യർഥന.  ചെയ്യാമെന്ന്‌ അർണബ്‌ വാക്കുനൽകുന്നുമുണ്ട്‌. പ്രധാനമന്ത്രി കാര്യാലയത്തിൽ മാധ്യമഉപദേഷ്ടാവായി നിയമനം കിട്ടാൻ സഹായിക്കുമോയെന്നും പാർത്ഥോ ചോദിക്കുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top