Deshabhimani

കുക്കി ആക്രമണമുണ്ടാകുമെന്ന റിപ്പോർട്ട്‌ തെറ്റ്: കരസേന മേധാവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 02:35 AM | 0 min read


ന്യൂഡൽഹി
വംശീയകലാപം അരങ്ങേറുന്ന മണിപ്പുരിൽ 900 കുക്കി വിമതർ ആക്രമണസജ്ജരായി നിൽക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം വ്യാജമെന്ന്‌ കരസേന മേധാവി ജനറൽ  ഉപേന്ദ്ര ദ്വിവേദി. സംഘർഷത്തിൽ വിദേശകരങ്ങളുണ്ടെന്ന വാദത്തെയും  അദ്ദേഹം തള്ളി.  നിലവിൽ മണിപ്പുരിൽ സ്ഥിരതയുണ്ടെങ്കിലും സംഘർഷാവസ്ഥ തുടരുകയാണെന്നും സേന സംഘടിപ്പിക്കുന്ന ചാണക്യ ഡിഫൻസ് ഡയലോഗിന്‌ മുന്നോടിയായി നടത്തിയ പരിപാടിയിൽ  ജനറൽ ദ്വിവേദി പറഞ്ഞു. മണിപ്പുരിൽ ഡ്രോൺവഴി ബോംബാക്രമണം നടന്നുവെന്ന അവകാശവാദങ്ങളും അദ്ദേഹം നിഷേധിച്ചു.  സുരക്ഷാസേന സ്ഥലം പരിശോധിച്ചു. അത്തരം വിവരങ്ങൾ അവാസ്‌തവമാണ്‌. മണിപ്പുരിനെ സംബന്ധിച്ച്‌ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്‌.  അതേസമയം, മ്യാന്മറിലെ ആഭ്യന്തരയുദ്ധംമൂലം അതിർത്തി കടന്ന്‌ ആളുകൾ മിസോറാമിലേക്കും മണിപ്പുരിലേക്കും എത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുദ്ധത്തിൽനിന്ന്‌ രക്ഷതേടിയെത്തുന്നവർ നിരായുധരാണ്‌–-കരസേന മേധാവി വ്യക്തമാക്കി.

സെപ്‌റ്റംബർ 28ന്‌ കുക്കി വിമതർ മെയ്‌ത്തീ പ്രദേശങ്ങൾ ആക്രമിക്കുമെന്ന തരത്തിൽ പ്രചരിച്ച ഇന്റലിൻസ്‌ റിപ്പോർട്ട്‌ വൻ വിവാദമായി.  കുക്കി പ്രദേശങ്ങൾ ആക്രമിക്കുന്നതിന്‌ മുന്നോടിയായി മുഖ്യമന്ത്രി ബിരേൻസിങ്ങിന്റെ ഓഫീസിൽനിന്ന്‌ മനഃപ്പൂർവം ഇത്‌ ചോർത്തിനൽകിയെന്നാണ്‌ കുക്കികൾ ആരോപിച്ചത്‌. റിപ്പോർട്ട്‌ ആദ്യം സ്ഥിരീകരിച്ച സുരക്ഷാ ഉപദേഷ്‌ടാവ്‌ കുൽദീപ്‌സിങ്‌ പിന്നീട്‌ മലക്കം മറിഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രസ്‌താവന മുക്കി.



deshabhimani section

Related News

View More
0 comments
Sort by

Home