21 April Sunday

മുകേഷ്‌ സഹായിച്ചു; അനിൽ അംബാനി 462 കോടി കടം വീട്ടി, ജയിൽശിക്ഷ ഒഴിവാക്കി

സ്വന്തം ലേഖകൻUpdated: Tuesday Mar 19, 2019

ന്യൂഡൽഹി > സ്വീഡിഷ‌് ടെലികോം കമ്പനി എറിക‌്സണിനു നൽകാനുള്ള 571 കോടി രൂപയിൽ 462 കോടിരൂപ  അനിൽ അംബാനിയുടെ റിലയൻസ‌് കമ്യൂണിക്കേഷൻസ‌് അടച്ചു. ജേഷ്‌ഠൻ മുകേഷ്‌ അംബാനിയാണ്‌ പണം നൽകി സഹായിച്ചത്‌.

കോടതിയലക്ഷ്യ കേസിൽ ജയിൽശിക്ഷ ഒഴിവാകണമെങ്കിൽ നാലാഴ‌്ചയ‌്ക്കുള്ളിൽ 450 കോടിരൂപ എറിക‌്സണ‌് നൽകണമെന്ന‌് സുപ്രീംകോടതി കഴിഞ്ഞമാസം റിലയൻസ‌് കമ്യൂണിക്കേഷൻസ‌് ഡയറക്ടർമാരോട‌് നിർദേശിച്ചിരുന്നു. റിലയൻസ‌് കമ്യൂണിക്കേഷൻസിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന അനിൽ അംബാനിയുടെ ഹർജി തള്ളിയായിരുന്നു കോടതിയുടെ നിർദേശം.

സുപ്രീംകോടതി രണ്ട‌ുതവണ ഉത്തരവിട്ടിട്ടും എറിക‌്സണ‌് നൽകാനുള്ള 571 കോടിരൂപ റിലയൻസ‌് നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ‌് റിലയൻസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത‌്.

പണം തിരിച്ചടയ‌്ക്കുന്നത‌ുവരെ അനിൽ അംബാനിയെ ജയിലിൽ അടയ‌്ക്കണമെന്നും റിലയൻസ‌് കമ്യൂണിക്കേഷൻസിന്റെയും അനുബന്ധ കമ്പനികളുടെയും തലപ്പത്തുള്ളവരുടെ വിദേശയാത്രയ‌്ക്ക‌് വിലക്കേർപ്പെടുത്തണമെന്നും എറിക‌്സൺ ആവശ്യപ്പെട്ടിരുന്നു.

മുകേഷ്‌ അംബാനിയോടും ഭാര്യ നിത അംബാനിയോടും താനും കുടുംബവും കടപ്പെട്ടിരിക്കുന്നുവെന്ന്‌  അനിൽ അംബാനി ട്വിറ്റിൽ കുറിച്ചു
 


പ്രധാന വാർത്തകൾ
 Top