22 March Friday

ഇഎസ്ഐ ഫണ്ട്‌ : 60,000 കോടി റിലയന്‍സിന് ; ഫണ്ട് മാനേജരായി റിലയൻസ‌്

സാജൻ എവുജിൻUpdated: Saturday Oct 13, 2018

ന്യൂഡൽഹി
രാജ്യത്തെ  11 കോടിയിൽപരം തൊഴിലാളികൾ അംഗങ്ങളായ ഇഎസ്ഐ കോര്‍പറേഷന്റെ 60,000 കോടി രൂപ അനിൽ അംബാനിയുടെ റിലയൻസ‌് കമ്പനിക്ക‌് തീറെഴുതുന്നു.  തൊഴിലാളികൾക്ക‌് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയായ ഇഎസ്ഐയുടെ സ‍ഞ്ചിത നിധിയാണ‌് റിലയൻസിന്റെ നിയന്ത്രണത്തിലെത്തുന്നുത‌്.  സ‍ഞ്ചിത നിധിയിൽ നിന്ന‌് വേണ്ടത്ര ലാഭമില്ലെന്ന കാരണംപറഞ്ഞാണ് 'ഫണ്ട് മാനേജരായി' സ്വകാര്യകമ്പനിയെ നിയമിച്ചത്. റിലയൻസ‌് ക്യാപ്പിറ്റലിന്റെയും ജപ്പാൻ ആസ്ഥാനമായ നിപ്പോൺ ലൈഫ‌് ഇൻഷുറൻസിന്റെയും സംയുക്തസംരംഭമായ റിലയൻസ‌് നിപ്പോൺ ലൈഫ‌് അസറ്റ‌് മാനേജ‌്മെന്റ‌്(ആർഎൻഎഎം) എന്ന കമ്പനിക്കാണ‌് ഇഎസ‌്ഐ ഫണ്ട‌്  വിട്ടുകൊടുക്കുന്നത‌്. അനിൽ അംബാനിയുടെ മൂത്തമകൻ ജയ‌് അൻമോളാണ‌് റിലയൻസ‌് ക്യാപ്പിറ്റലിന്റെ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ. ഇതാദ്യമായാണ് സ്വകാര്യഏജൻസിക്ക്  ഇഎസ‌്ഐ ഫണ്ടിന്റെ നിയന്ത്രണം ലഭിക്കുന്നത‌്. ഇഎസ‌്ഐ കോർപറേഷനാണ‌് ഇതേവരെ ഫണ്ട‌് കൈകാര്യം ചെയ‌്തിരുന്നത‌്.

ലാഭം ലക്ഷ്യമിടാതെ പണം പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ച് വിനിയോ​ഗിക്കുന്നതായിരുന്നു രീതി. അംഗങ്ങൾക്ക‌് ചികിത്സാനുകൂല്യങ്ങളും മറ്റും ഫലപ്രദമായി ലഭ്യമാക്കുന്നതിനാണ‌്  മുൻഗണന. കോർപറേഷന്റെ  പോരായ‌്മ ചൂണ്ടിക്കാട്ടിയല്ല കേന്ദ്രം റിലയൻസിന‌് ഫണ്ട‌് കൈമാറുന്നത‌്. പദ്ധതിയുടെ ആനുകൂല്യം കൂടുതൽ തൊഴിലാളികളിലേക്ക‌് എത്തിച്ചതിന‌് ഇഎസ‌്ഐക്ക‌് ‘ഐഎസ‌്എസ‌്എ ഗുഡ‌്പ്രാക്ടീസ‌് അവാർഡ‌്’ അടുത്തിടെ ലഭിച്ചു. ഫണ്ടിന്റെ ചുമതല റിലയൻസിന‌് ലഭിക്കുന്നതോടെ സാമൂഹ്യപ്രതിബദ്ധത എന്ന മുൻഗണനയാണ‌് ഇല്ലാതാവുക.

കഴിഞ്ഞവർഷം മാർച്ചിലെ കണക്കുപ്രകാരം ഇഎസ‌്ഐ  കോർപറേഷനിൽ 59,382 കോടി രൂപയാണ‌്  നിക്ഷേപം. ഇക്കൊല്ലത്തെ കണക്ക‌് പുറത്തുവിട്ടിട്ടില്ലെങ്കിലും 60,000 കോടി കവിയുമെന്നുറപ്പ്. റിലയൻസിന‌് കൈമാറുന്ന പണം മുഖ്യമായും ഓഹരി വിപണികളിലാകും നിക്ഷേപിക്കപ്പെടുക. ഓഹരിവിപണി തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വിപണിനിക്ഷേപമെന്നത‌് അപകട നീക്കമാകും.

ഓഹരിവിപണിയിലെ കനത്ത ഇടിവ് പിടിച്ചുനിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിന്റെ  ഭാ​ഗമായിക്കൂടിയാണ് ഇഎസ‌്ഐ ഫണ്ട് ഓഹരിവിപണിയിലേക്ക് വഴിതിരിച്ചുവിടുന്നത്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്ത ഘട്ടത്തിൽ വിപണി ഇടിവും രൂപ ഇടിവും ഇന്ധന വിലവർധനയും മോഡി സർക്കാരിന‌് തലവേദന സൃഷ്ടിച്ചിരിക്കയാണ്. ഏതുവിധേനയും തെരഞ്ഞെടുപ്പ‌് വരെ ധനസ്ഥിതി കൂപ്പുകുത്താതിരിക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ വിയർപ്പിന്റെ വിലയായ കോടികള്‍ മോഡി ഓഹരി ചൂതാട്ടത്തിനായി എറിഞ്ഞുകൊടുക്കുന്നത‌്.

 

വന്‍ ഒത്തുകളി
ഫണ്ട് മാനേജരായി പൊതുമേഖലാസ്ഥാപനങ്ങളെ പരി​ഗണിക്കാത്തതിനെതിരായ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഫണ്ട‌് മാനേജരെ  തെരഞ്ഞെടുക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളെ  ഉൾപ്പെടുത്തി പുനർലേലം നടത്തണമെന്ന ആവശ്യം നിരാകരിച്ചതില്‍ ഒത്തുകളി ആരോപണമുയരുന്നു.  ഫണ്ട‌് മാനേജരെ  തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കാളികളാക്കിയില്ലെന്ന‌് ഇഎസ‌്ഐ കോർപറേഷന്റെ കഴിഞ്ഞ ബോർഡ‌് യോഗത്തിൽ സിഐടിയു പ്രതിനിധി പ്രശാന്ത എൻ ചൗധരി ചൂണ്ടിക്കാട്ടി.  ഇടത‌് ട്രേഡ‌് യൂണിയൻ പ്രതിനിധികൾ എല്ലാവരും  ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഈ എതിർപ്പ‌് പരിഗണിക്കാതെ കേന്ദ്രസർക്കാരിന്റെ നിർദേശം ഇഎസ‌്ഐ കോർപറേഷൻ തിരക്കിട്ട‌് നടപ്പാക്കുകയാണ‌്. ഇതിൽ പ്രതിഷേധിച്ച‌് ഇഎസ‌്ഐ ഡയറക്ടർ ജനറലിന‌് കത്തയച്ചതായി പ്രശാന്ത എൻ ചൗധരി  ദേശാഭിമാനിയോട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top