22 October Tuesday

ആന്ധ്രയില്‍ 60 പേര്‍ സഞ്ചരിച്ച ബോട്ടുമുങ്ങി; 12 മരണം, തെരച്ചില്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

അമരാവതി
ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി.

കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷേത്രത്തിൽനിന്ന് നദീമധ്യത്തെ വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടലുവിലേക്ക്‌ പുറപ്പെട്ട സ്വകാര്യബോട്ട് ഞായറാഴ്‌ച ഉച്ചയോടെ  മറിയുകയായിരുന്നു. കൂറ്റന്‍ പാറയില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞത്.  ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ​ഗോദാവരിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട്‌ സംഘങ്ങളും പൊലീസും എത്തിയെങ്കിലും നദിയിലെ ജലനിരപ്പ് കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ട് പോയില്ല. സ്ഥലവാസികാളാണ് 17 പേരെ രക്ഷപ്പെടുത്തിയത്‌. മരിച്ചവരില്‍ ബോട്ടിലെ രണ്ട് ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നു. മരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ബോട്ടിന്‌ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ലൈസൻസ്‌ ഇല്ലെന്നും  തുറമുഖ അധികൃതരുടെ അനുമതിയിലാണ്‌ സർവീസ്‌ നടത്തിയതെന്നും  മന്ത്രി മുത്തംസെട്ടി ശ്രീനിവാസ റാവു പറഞ്ഞു. ഗോദാവരിയിൽ സർവീസ്‌ നടത്തുന്ന എല്ലാ ബോട്ടുകളുടെയും ലൈസൻസ്‌ റദ്ദാക്കാൻ  മുഖ്യമന്ത്രി വൈ എസ്‌ ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു.


പ്രധാന വാർത്തകൾ
 Top