11 July Saturday

ഉംപുൻ ചുഴലിക്കാറ്റ് : ദുരിതം അവസാനിക്കാതെ ബംഗാൾ ; തിരിഞ്ഞ്‌ നോക്കാതെ സർക്കാർ

ഗോപിUpdated: Tuesday May 26, 2020


കൊൽക്കത്ത
ഉംപുൻ ചുഴലിക്കാറ്റ് വീശിയടിച്ച്‌ അഞ്ച്‌ ദിവസം കഴിഞ്ഞിട്ടും ദുരിതത്തിനു ശമനമില്ലാതെ‌ പഞ്ചിമ ബംഗാൾ. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്‌.  ജനജീവിതം സാധാരണനിലയിലാക്കാനുള്ള യാതൊരു ശ്രമവും നടക്കുന്നില്ല. വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങിയവ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കൊൽക്കത്ത നഗരത്തിലും വിവിധ  ജില്ലകളിലും ഇന്റർനെറ്റ്‌, ടിവി സൗകര്യങ്ങൾ ലഭ്യമല്ല.  ദുരിതാശ്വാസ ക്യാമ്പിൽ തന്നെ കഴിയുകയാണ്‌ മിക്കവരും. വീടടക്കം നഷ്ടമായവർക്ക്‌ ക്യാമ്പിലും ദുരിത ജീവിതമാണ്‌. ഇവിടെ ആഹാരവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന്‌ വ്യാപക പരാതിയുണ്ട്‌. കാറ്റിൽ വീണ മരങ്ങൾ ഇതുവരെ നീക്കം ചെയ്‌തിട്ടില്ല.  ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും രംഗത്തുണ്ടെങ്കിലും വിവിധ വകുപ്പുകൾ ‌ തമ്മിൽ ഏകോപനമില്ലായ്‌മ സ്ഥിതി രൂക്ഷമാക്കി‌.

വെദ്യുതി വിതരണം നടത്തുന്ന സ്വകാര്യ കമ്പനിയായ കൊൽക്കത്ത ഇലക്‌ട്രിസിറ്റി സപ്ലൈ കോർപറേഷനെതിരെ പരാതി ഉയർന്നിട്ടുണ്ട്‌. കൊൽക്കത്ത കോർപറേഷന്റെ പ്രവർത്തനത്തിലും പ്രതിഷേധം രൂക്ഷമാണ്‌.  ബംഗാൾ മന്ത്രിസഭാ അംഗം  സുഭത്ര മുഖർജി, മുൻ മേയർ സുവൻദേവ്‌ ചാറ്റർജി എന്നിവർ കോർപറേഷനെതിരെ രംഗത്ത്‌ വന്നു.

ഉംപുൻ വലിയ വിപത്തുണ്ടാക്കുമെന്ന മുന്നറിയിപ്പ്‌ ലഭിച്ചിട്ടും വേണ്ട നടപടി സർക്കാർ സ്വീകരിക്കാതെയിരുന്നതാണ്‌ സ്ഥിതി വഷളാക്കിയത്‌. സർക്കാരിനെതിരെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങി. ജനങ്ങളുടെ ദുരിതത്തിന്‌ പരിഹാരം കാണാതെ പ്രതിപക്ഷത്തെ വിമർശിക്കുകയാണ്‌ മമത ചെയ്യുന്നത്‌.
ചുഴലിക്കാറ്റ്‌ കോവിഡ്‌ വ്യാപനം രൂക്ഷമാക്കി. 48 മണിക്കൂറിനിടെ 312 പേർക്കാണ്‌ രോഗം ബാധിച്ചത്‌.


പ്രധാന വാർത്തകൾ
 Top