29 February Saturday

കടിഞ്ഞാണ്‍ വിടാതെ അമിത് ഷാ; ആർഎസ്‌എസും ഷായും തീരുമാനിക്കും, നഡ്ഡ നടപ്പാക്കും

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020

ന്യൂഡൽഹി > കടിഞ്ഞാൺ തൽക്കാലം അമിത്‌ ഷായുടെ കൈയിൽത്തന്നെ; പുതിയ അധ്യക്ഷനായി ജെ പി നഡ്ഡ എന്ന ജഗത്‌ പ്രകാശ്‌ നഡ്ഡ നിയോഗിതനാകുമ്പോള്‍ മാറ്റം പ്രതീക്ഷിക്കേണ്ട. മോഡിയും അമിത്‌ ഷായും ആർഎസ്‌എസും തീരുമാനിക്കും, നഡ്ഡ നടപ്പാക്കും. ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലമാകും ഭാവിസാഹചര്യം നിർണയിക്കുക.

ഗുജറാത്തിൽ മോഡിയുടെ നിഴലായ അമിത് ഷാ 2014ൽ ബിജെപി അധ്യക്ഷസ്ഥാനത്ത്‌ എത്തിയത്‌ യുപി ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയശിൽപി എന്ന നിലയിലാണ്‌. എതിരാളികളെ നിശ്ശബ്ദരാക്കി, പിന്നീട്‌ ബിജെപിയിൽ ചോദ്യംചെയ്യപ്പെടാത്ത ശക്തിയായി. 2018ൽ രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ പരാജയം ഇരുവർക്കും ക്ഷീണമായി. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിന്റെയും ബാലാകോട്ട്‌ പ്രത്യാക്രമണത്തിന്റെയുംപേരില്‍ തീവ്രഹിന്ദുത്വപ്രചാരണം അഴിച്ചുവിട്ട്‌ 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ വിജയംകൊയ്‌തു.

പിന്നാലെ  രാജ്‌‌നാഥ്‌സിങ്‌, നിതിൻ  ഗഡ്‌കരി എന്നിവരെ അപ്രസക്തരാക്കി ഭരണ നിയന്ത്രണം അമിത്‌ ഷാ ഏറ്റെടുത്തു. നഡ്ഡയെ വർക്കിങ്‌ പ്രസിഡന്റാക്കി ബിജെപിയെയും വരുതിയില്‍നിര്‍ത്തി. എന്നാല്‍, മഹാരാഷ്ട്ര തിരിച്ചടിയായി. ശിവസേനസഖ്യം ഉപേക്ഷിച്ചപ്പോൾ എൻസിപിയെ പിളർത്തി സർക്കാർ രൂപീകരിക്കാൻ അർധരാത്രി നടത്തിയ അട്ടിമറി പാളി. അമിത്‌ ഷാ നേരിട്ട്‌ നയിച്ച പദ്ധതിയാണ്‌ തകർന്നത്‌. പിന്നാലെ ജാർഖണ്ഡിലും ബിജൈപിക്ക്‌ ഭരണം നഷ്ടപ്പെട്ടു. മോഡിയും അമിത്‌ ഷായും ആഞ്ഞുപിടിച്ചിട്ടും ജാർഖണ്ഡ്‌ കൂടെ നിന്നില്ല.

ഇതോടെ  ഫെബ്രുവരി എട്ടിലെ ഡൽഹി തെരഞ്ഞെടുപ്പും ഒക്ടോബർ–-നവംബറിൽ നടക്കേണ്ട ബിഹാർ തെരഞ്ഞെടുപ്പും ബിജെപിക്ക് നിർണായകമാണ്. തിരിച്ചടി നേരിട്ടാല്‍ അമിത് ഷായുടെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെടും. നഡ്ഡ എത്രത്തോളം സ്വതന്ത്രനാകുമെന്ന്‌ അപ്പോൾ വ്യക്തമാകും.


പ്രധാന വാർത്തകൾ
 Top