ന്യൂഡൽഹി > ജമ്മു -കശ്മീരിൽ പ്രതിപക്ഷ പാർടികൾ രൂപീകരിച്ച ഗുപ്കാർ സഖ്യത്തിൽനിന്ന് ബിജെപിയെ ഭയന്ന് കോൺഗ്രസ് പൂർണമായും പിന്തിരിഞ്ഞു. ഗുപ്കാർ സഖ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷമായി വിമർശിച്ചതോടെയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. ജമ്മു കശ്മീരിൽ എട്ട് ഘട്ടമായി നടക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യവുമായി ധാരണയുണ്ടാകില്ലെന്ന് ഹൈക്കമാൻഡിനു പിന്നാലെ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വവും വ്യക്തമാക്കി.
ജമ്മു -കശ്മീരിന് വീണ്ടും സംസ്ഥാന പദവി അനുവദിക്കുക, നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക, പ്രത്യേക പദവി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി രൂപീകരിച്ചതാണ് ഗുപ്കാർ സഖ്യം. നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം തുടങ്ങി ഏഴ് കക്ഷിയാണ് സഖ്യത്തിലുള്ളത്.
പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം കശ്മീരിലും ജമ്മുവിലും കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരായി വലിയ പ്രതിഷേധമുയർന്നു. തദ്ദേശതെരഞ്ഞെടുപ്പുകൾ വേഗത്തിൽ നടത്തി ഭരണനിയന്ത്രണം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഗുപ്കാർ സഖ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ബിജെപിയുടെ പദ്ധതി അട്ടിമറിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ രംഗത്തെത്തിയത്.
കോൺഗ്രസ് ദേശവിരുദ്ധരുമായി കൈകോർത്തെന്ന ആക്ഷേപം ബിജെപി ഉയർത്തി. ഇതിൽ കോൺഗ്രസ് ഭയന്നുപോയി. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടക്കത്തിൽ കോൺഗ്രസ് എതിർത്തെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ അടക്കം പല നേതാക്കളും കശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചു. ഇതോടെ പൂർണമായും ബിജെപിയുടെ നിയന്ത്രണത്തിലേക്ക് മാറി കോൺഗ്രസ് നിലപാട് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..