13 December Friday

ഓപ്പറേഷൻ കമലയുടെ സൂത്രധാരൻ അമിത്‌ ഷാ; യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ബംഗളൂരു >   കർണാടകയിലെ കോൺഗ്രസ്‌–ജെഡിഎസ്‌ സഖ്യ സർക്കാരിനെ താഴെയിറക്കാൻ ‘ഓപ്പറേഷൻ കമല’ ആസൂത്രണം ചെയ്‌തതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെന്ന്‌ വ്യക്തമാക്കുന്ന വീഡിയോ കോൺഗ്രസ്‌ പുറത്തുവിട്ടു. മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ തന്നെയാണ്‌ അമിത്‌ ഷായുടെ പങ്ക്‌ വീഡിയോയിൽ തുറന്ന്‌ പറയുന്നത്‌. കോൺഗ്രസ്‌ അധ്യക്ഷൻ ദിനേശ്‌ ഗുണ്ടു റാവുവാണ്‌ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്‌. വീഡിയോയുടെ ആധികാരികത യെദ്യൂരപ്പ ചോദ്യ ചെയ്‌തിട്ടില്ല.

17 വിമത എംഎൽഎമാരോടും മാന്യമായി പെരുമാറണം. സഖ്യകക്ഷി സർക്കാരിനെ താഴെയിറക്കാനും ബിജെപിയെ അധികാരത്തിലേറ്റാനും അവർ നമുക്കൊപ്പം ചേർന്ന്‌ പ്രവർത്തിച്ചവരാണെന്നും യെദ്യൂരപ്പ പറയുന്നുണ്ട്‌. ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരമാണ്‌ അവർ രാജിവച്ചത്‌. അവരുടെ ത്യാഗം മനസ്സിലാക്കണം. രാജിവച്ചുവന്നവരെ മുംബൈയിലെ വൻകിട ഹോട്ടലിൽ താമസിപ്പിച്ചതും അവർക്കുവേണ്ട സുരക്ഷാസൗകര്യങ്ങൾ ഒരുക്കിയതും താനല്ല, അമിത്‌ ഷായാണ്‌. രണ്ടരമാസക്കാലം അവർക്കുവേണ്ടതെല്ലാം ചെയ്‌തു നൽകിയതും ദേശീയ അധ്യക്ഷൻ തന്നെയാണ്‌. ഇത്‌ പറയുന്നതിനിടെ ബഹളമുണ്ടാക്കിയ പാർടി പ്രവർത്തകരോട്‌ അദ്ദേഹം അതൃപ്‌തി പ്രകടിപ്പിക്കുന്നതും വ്യക്തമാണ്‌.

തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ –ജെഡിഎസ്‌ സഖ്യകക്ഷി സർക്കാരിനെ ബിജെപി അട്ടിമറിച്ചതാണെന്ന്‌ വീഡിയോയിലൂടെ വ്യക്തമാകുന്നതായി ദൃശ്യം ട്വിറ്ററിൽ പുറത്തുവിട്ട്‌ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ദിനേശ്‌ ഗുണ്ടു റാവു പറഞ്ഞു. അട്ടിമറിക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

കേന്ദ്ര ഏജൻസിയെ  ഉപയോഗിച്ച്‌ രാഷ്ട്രീയ പ്രതിയോഗികളെ അമർച്ചചെയ്യാനും മറ്റുപാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ അട്ടിമറിക്കാനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുകയാണെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.
കഴിഞ്ഞ ജൂണിലാണ്‌ വിമത കോൺഗ്രസ്‌ –-ജെഡിഎസ്‌ എംഎൽഎമാർ രാജിവച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top