18 August Sunday

ചോദ്യങ്ങളുയർത്തി അമേഠി; ഉത്തരമില്ലാതെ കോൺഗ്രസ്‌

വി ജയിൻUpdated: Thursday Apr 4, 2019


ഗൗരിഗഞ്ച്
അമേഠി ജില്ലാ ആസ്ഥാനമാണ് ഗൗരിഗഞ്ച്. കേരളത്തിലെ ഒരു പഞ്ചായത്ത് ആസ്ഥാനത്തിന്റെ ചിട്ടവട്ടങ്ങളും ചുറ്റുപാടും. സർക്കാർ, വാണിജ്യസ്ഥാപനങ്ങൾ പേരിന‌് മാത്രം. റോഡിൽ വലിയ തിരക്കില്ല. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമെന്ന നിലയിൽ ഇവിടെ ഒരു ചലനവും കാണാനില്ല.

രാഹുൽ ഗാന്ധി വയനാട്ടിൽക്കൂടി മത്സരിക്കുമെന്ന പ്രഖ്യാപനത്തെ  ഞെട്ടലോടെയാണ് ഇവിടത്തെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. ബിജെപി പ്രവർത്തകരാകട്ടെ, കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന‌് പറയുന്നു. സമാജ്‌വാദി പാർടിയും ബഹുജൻ സമാജ് പാർടിയും സ്ഥാനാർഥികളെ നിർത്താതെ അമേഠിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്. എന്നിട്ടും രാഹുലിന് പേടി കൂടിയതിന് കാരണങ്ങളുണ്ട്. വോട്ട് വാങ്ങി ജയിച്ചുപോയാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ലെന്ന നെഹ‌്റു കുടുംബത്തിന്റെ വിശ്വാസത്തിനുനേരേ ജനം ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നുണ്ട്.

1967ൽ രൂപീകരിക്കപ്പെട്ട അമേഠിയിൽ രണ്ട‌് തവണ ഒഴികെ കോൺഗ്രസ് സ്ഥാനാർഥികളാണ് ജയിച്ചത‌്. 1967, 1971 വർഷങ്ങളിൽ വിദ്യാധർ വാജ്പേയി. 1977 ൽ ജനതാ പാർടിയിലെ രവീന്ദ്ര പ്രതാപ് സിങ്ങും 1980ൽ സഞ്ജയ്ഗാന്ധിയും തെരഞ്ഞെടുക്കപ്പെട്ടു. വിമാനാപകടത്തിൽ  സഞ്ജയ്ഗാന്ധി മരിച്ചതിനെ തുടർന്ന‌്  ഉപതെരഞ്ഞെടുപ്പിൽ സഹോദരൻ രാജീവ്ഗാന്ധി വിജയിച്ചു. 1991 വരെ രാജീവ് ഗാന്ധിയാണ് അമേഠിയെ പ്രതിനിധാനംചെയ‌്തത്. 1991ൽ രാജീവ് വധത്തെ തുടർന്ന് സതീഷ് ശർമയാണ് ജയിച്ചത്. 1998ൽ ബിജെപിയിലെ സഞ്ജയ്സിങ് വിജയിച്ചു. 1999ൽ സോണിയ ഗാന്ധിയെത്തി. 2004ൽ അവർ റായ്ബറേലിയിലേക്ക് മാറി രാഹുൽ ഗാന്ധി മത്സരിക്കാനെത്തി. 2009, 2014 തെരഞ്ഞെടുപ്പുകളിലും രാഹുൽ ജയിച്ചു.

2009ൽ രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച രാഹുലിന് 2014ൽ ഭൂരിപക്ഷം ഒരു ലക്ഷമായി. അമേഠിയിൽ കർഷകരടക്കമുള്ള സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ കോൺഗ്രസ് ഒന്നുംചെയ‌്തില്ല. കൃഷിയെ ആശ്രയിച്ചാണ് ജനസംഖ്യയിൽ മുക്കാൽ പങ്കും ജീവിക്കുന്നത്. ഗോതമ്പും കരിമ്പും പച്ചക്കറിയും പ്രധാന കൃഷികൾ. കരിമ്പിന്റെയും ഗോതമ്പിന്റെയും വിളവെടുപ്പുകാലമാണിത്. കർഷകർ ലോറിയിൽ കരിമ്പുമായി ദിവസങ്ങളോളം അമേഠിക്കടുത്ത സുൽത്താൻപുർ സഹകരണ പഞ്ചസാര മില്ലിനു മുന്നിൽ കാത്തുകെട്ടിക്കിടക്കുന്നു. തങ്ങളുടെ ഉൽപ്പന്നം എടുക്കണമെന്നുമാത്രമാണ് ആവശ്യം. ജനങ്ങളുടെ തൊഴിലും വരുമാനവും ഗണ്യമായി കുറഞ്ഞു.


‘കാം യഹാം കുഛ് കിയാ നഹിം'

പ്രത്യേക ലേഖകൻ
അനിരുദ്ധ്പുർ (യുപി)
അമേഠിയിലെ തകർന്നടിഞ്ഞ ജീവിതത്തിന്റെ ചിത്രങ്ങൾ വരച്ചിട്ട‌് കവിതയിലൂടെ കലഹിക്കുകയാണ് കവിയും സാമൂഹ്യ പ്രവർത്തകനുമായ ‘ഹനുമത് ' എന്ന ഹനുമാൻസിങ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കവിതകൾ യുവതലമുറ ഏറ്റുപാടുന്നു. നെഹ‌്റു കുടുംബത്തോടുള്ള വൈകാരികബന്ധം ചൂഷണംചെയ്ത് ജയിച്ചുപോയ രാഹുൽ ഗാന്ധി അമേഠിയെ തിരിഞ്ഞുനോക്കിയില്ലെന്ന‌് അദ്ദേഹത്തിന്റെ വരികൾ സാക്ഷ്യപ്പെടുത്തുന്നു.

അധ്യാപകനായി വിരമിച്ച കർഷകൻകൂടിയായ ഹനുമത്, അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ‌്‌രിവാളിന്റെയും അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ഇപ്പോൾ സജീവരാഷ്ട്രീയംവിട്ട് സ്വന്തം ഗ്രാമമായ അനിരുദ്ധ‌്പുരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.

അമേഠിയോടുള്ള അവഗണന വരച്ചുകാട്ടുന്ന കവിതകളുടെ സമാഹാരം ‘യുവരാജാവിനെതിരെ പ്രതിഷേധം' എന്ന പേരിൽ ഈയിടെ പ്രസിദ്ധീകരിച്ചു. ഒരു കവിത തുടങ്ങുന്നത് ഇങ്ങനെ, ‘കൃഷി പ്രധാൻ യഹ് ദേശ് ഹമാരാ, രോതാ ജഹാം കിസാൻ, കാർ ഖാനോം കേ നാം പർ, കേവൽ കബറിസ്ഥാൻ'. കൃഷിക്ക് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് കർഷകർ കരയുകയാണ്, ഫാക്ടറികളുടെപേരിൽ ഇവിടെയുള്ളത് കേവലം ശ്മശാനങ്ങളാണ്. നെഹ്റു, ഗാന്ധി കുടുംബങ്ങൾ ഒന്നുംചെയ്തിട്ടില്ലെന്ന് വസ്തുതകൾ സഹിതം വിവരിക്കുകയാണ് ‘ഗാന്ധി, നെഹ്റു കേ പരിവാർ നേ കാം യഹാം കുഛ് കിയാ നഹിം' എന്ന കവിതയിൽ.

വ്യവസായങ്ങൾക്കുവേണ്ടി വൻതോതിൽ ഭൂമി വിട്ടുകൊടുക്കേണ്ടിവന്ന കർഷകരുടെ വേദന കർഷകൻകൂടിയായ ഹനുമാൻസിങ് കവിതയിലൂടെ പങ്കുവയ‌്ക്കുന്നു.
അനിരുദ്ധ‌്പുരിലെ വീട്ടിലിരുന്ന് കവിതകൾ ആവേശപൂർവം ചൊല്ലി കേൾപ്പിച്ചശേഷം ആശങ്കയോടെ അദ്ദേഹം ചോദിച്ചു, ‘കേരളത്തിൽ രാഹുൽ ജയിക്കുമോ?'

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top