26 August Monday

അമേഠി മണ്ഡലത്തിന്റെ ദുരിതമുഖം

വി ജയിൻUpdated: Tuesday Apr 2, 2019



അമേഠി > റായ്ബറേലിയിൽനിന്ന് അമേഠിയിലേക്കുള്ള വഴിയിലാണ് ജില്ലാ  ആസ്ഥാനമായ ഗൗരിഗഞ്ച്. അമേഠി ലോക്‌സഭാ മണ്ഡലത്തിന്റെ കേന്ദ്രവും ഇതുതന്നെ. കേരളത്തിലെ ഒരു പഞ്ചായത്ത് ആസ്ഥാനത്തിന്റെ ചലനങ്ങളേ ഇവിടെയുള്ളൂ. പലരോടും ചോദിച്ച‌്  ജില്ലാ സംയുക്ത ആശുപത്രിയിലേക്കുള്ള വഴി മനസ്സിലാക്കി. ദേശീയപാതയുടെ ഓരത്തായി, കേരളത്തിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പോലും വലിപ്പമില്ലാത്ത ഒരു കെട്ടിടം. അലോപ്പതി, ആയുർവ്വേദം, ഹോമിയോ വിഭാഗങ്ങളെല്ലാം ഒരുമിച്ചാണ‌്. പ്രസവമുറിക്കടുത്താണ‌് ആയുർവേദ വിഭാഗം. സി ടി സ്കാൻ സൗകര്യമെത്തിയത് ഇക്കൊല്ലം. സ്ഥലം എംപി രാഹുൽഗാന്ധി അറിഞ്ഞുപോലുമില്ല ഇത‌്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരിട്ടെത്തി ഉദ്ഘാടനം ചെയ്‌തിട്ടു പോയി.

റായ്ബറേലിയിലും അമേഠിയിലും സഞ്ചരിച്ചപ്പോൾ വിരളമായേ ആശുപത്രിയും സ്കൂളും കണ്ടുള്ളൂ. എന്നാൽ തദ്ദേശ ജനതക്ക് വലിയ പ്രയോജനമൊന്നുമില്ലാത്ത രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി പോലുള്ള സ്ഥാപനങ്ങളുണ്ടിവിടെ. ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ അവസ്ഥയും തീർത്തും പരിതാപകരം.

അമേഠിയിലെ ജില്ലാ സംയുക്ത ആശുപത്രി

അമേഠിയിലെ ജില്ലാ സംയുക്ത ആശുപത്രി

സ്വച്ഛ ഭാരതം അത്ര സ്വച്ഛമല്ലെന്ന‌് തെളിയിക്കുന്നതാണ‌് റോഡിന്റെ വശങ്ങളിലിരുന്ന് കുട്ടികൾ വിസർജിക്കുന്ന കാഴ‌്ച. എല്ലാ വീടുകൾക്കും ശുചിമുറി നൽകാൻപോലും  കഴിഞ്ഞിട്ടില്ല. അമേഠിയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും ഒരു നടപടിയും സ്വീകരിക്കാത്ത രാഹുലിനോടും  കോൺഗ്രസിനോടും കടുത്ത അതൃപ്തിയിലാണ‌് ജനങ്ങൾ.

അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന വിരുന്നുകാരെ വേണ്ട’ എന്ന ബിജെപി മുദ്രാവാക്യം പ്രചരിക്കാൻ കാരണവും ഈ അവഗണനയാണ്. നെഹ‌്റു കുടുംബത്തിന്റെ മഹത്വം കണ്ട‌് വോട്ടുകൾ വന്നുനിറയുമെന്ന കോൺഗ്രസിന്റെ മനോവിചാരത്തിന് വലിയ വെല്ലുവിളിയാണ് അമേഠിയിൽ ഉയരുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top