20 March Wednesday

മോഡിഭരണത്തിൽ അംബാനിമാർക്ക‌് ചാകര; പാരിതോഷികങ്ങളുടെ പട്ടികയിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശിഷ്‌ട പദവിയും

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ന്യൂഡൽഹി  > മോഡി സർക്കാർ വന്നശേഷം അംബാനിസഹോദരന്മാർക്ക് വാരിക്കോരി നൽകിയ പാരിതോഷികങ്ങളുടെ പട്ടികയിൽ ഒടുവിലത്തേതാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് മുൻകൂറായി നൽകിയ വിശിഷ്ടസ്ഥാപന പദവി. മാനദണ്ഡങ്ങൾ മറികടന്ന് ബാങ്ക് വായ്പാ തിരിച്ചടവിൽ ഇളവ്, റാഫേൽ വിമാനഇടപാടിൽ പങ്കാളിത്തം, ജിയോ പേമെന്റ്സ‌് ബാങ്കിന‌് ലഭിച്ച ഒത്താശ എന്നിവ റിലയൻസ് കമ്പനികൾക്ക് ബിജെപി സർക്കാരിൽനിന്ന് കിട്ടിയ സഹായങ്ങളിൽപെടുന്നു. നോട്ടുനിരോധനത്തിനു മുന്നോടിയായി സൗജന്യ ജിയോസിം വിതരണം ആരംഭിച്ചതിനു പിന്നിലുള്ള ദുരൂഹതയും നീങ്ങിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാൻ റിലയൻസിന‌് ജിയോസിം പദ്ധതിവഴി അവസരം ലഭിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെയും സംയുക്ത സംരംഭമായ ജിയോ പേമെന്റ്സ് ബാങ്ക് നിലവിൽ വന്നത് നവംബർ 10ന്. 500 രൂപ, 1000 രൂപ കറൻസികളുടെ റദ്ദാക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന്റെ മൂന്നാംനാളിൽ. റിലയൻസ് ജിയോയുടെ  പ്രീപെയ്ഡ് വാലറ്റ് സംവിധാനമായ ജിയോ മണിയും ഇതോടൊപ്പം രംഗത്തെത്തി. ജിയോ മൊബൈൽ വരിക്കാർക്ക് എസ്ബിഐയുടെ വിപുലമായ ശൃംഖല ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനമാണ് ജിയോ പേമെന്റ്സ് ബാങ്ക് എന്ന് ചുരുക്കം. കുറെ നാളായി അണിയറയിൽ നടന്ന നീക്കങ്ങളുടെ ഫലമായാണ് റിലയൻസിന‌് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വാണിജ്യഇടപാടുകൾ നടത്താൻ കഴിയുന്ന സ്ഥിതി കറൻസി നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരുക്കിയതെന്ന് വ്യക്തം.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ യുദ്ധവിമാന ഇടപാടിന്റെ ഭാഗമായി റിലയൻസിന‌് ലഭിച്ചത്  30,000 കോടി രൂപയുടെ കരാർ. മൊത്തം 36 യുദ്ധവിമാനങ്ങൾ വാങ്ങാൻ 60,000 കോടി രൂപയാണ് ഇന്ത്യ ചെലവിടുന്നത്. ഇതിൽ പകുതി തുകയുടെ കരാർ അനിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനു ലഭിച്ചു. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിൽ ഏതെങ്കിലും സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത‌്. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഘട്ടത്തിലാണ് ഫ്രാൻസിലെ ദാസ്സൂദ് കമ്പനിക്ക് ഇന്ത്യയുടെ കരാർ ലഭിച്ചത്. ഇന്ത്യ‐ഫ്രഞ്ച് കരാർ ഒപ്പിട്ട്  10 ദിവസത്തിനുള്ളിൽ ദാസ്സൂദും റിലയൻസ് ഇൻഡസ്ട്രീസും ചേർന്ന് ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് എന്ന സംയുക്ത സംരംഭത്തിന‌് രൂപം നൽകി. കരാറിന്റെ പകുതി തുകയ്ക്കുള്ള നിർമാണങ്ങൾ ദാസ്സൂദ്  ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ റിലയൻസിന‌് വിട്ടുകൊടുക്കും. നാഗ്പുരിലെ റിലയൻസിന്റെ പ്രത്യേക സാമ്പത്തികമേഖലയിലാണ് ഈ നിർമാണപ്രവർത്തനങ്ങൾ. റാഫേൽകരാറിന്റെ തുടക്കത്തിൽ പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെയാണ് പങ്കാളിയായി പരിഗണിച്ചിരുന്നത്. ഈ സ്ഥാപനത്തെ പിന്നീട് ഒഴിവാക്കിയാണ് റിലയൻസിന‌് പങ്കാളിത്തം ഉറപ്പിച്ചത്.

മുകേഷ് അംബാനിയുടെ കമ്പനിക്ക് 16,010 കോടി രൂപയുടെ വായ്പാ തിരിച്ചടവിന് 2015ൽ പൊതുമേഖലാ ബാങ്കുകൾ 16 വർഷത്തെ അവധി അനുവദിച്ചു. വായ്പാ തിരിച്ചടവ് കുടിശ്ശിക പെരുകിയതിനാൽ പൊതുമേഖലാ ബാങ്കുകൾ ബുദ്ധിമുട്ട് നേരിടുകയാണെന്നു പറയുമ്പോൾത്തന്നെയാണ് ഈ തീരുമാനമെടുത്തത്.  ആന്ധ്രതീരത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന 1386 കിലോമീറ്റർ പൈപ്പ് ലൈൻ കൈകാര്യം ചെയ്യുന്ന റിലയൻസ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിനാണ് (ആർജിടിഐഎൽ) ബാങ്കുകളിൽനിന്ന് വൻ ഇളവ് ലഭിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top