ന്യൂഡല്‍ഹി> ആമസോണ്‍ വനാന്തരങ്ങളിലെ ധാതു സമ്പത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ കാട്ടുതീയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സംശയമുയര്ത്തിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.
ഭൂമിയുടെ ശ്വാസകോശമായി അറിയപ്പെടുന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുകയാണ്. ഭൂമിയിലെ മനുഷ്യര്‍ ശ്വസിക്കുന്ന മൊത്തം ഓക്സിജന്റെ 20 ശതമാനവും അന്തരീക്ഷത്തിലേക്ക് വിടുന്നത് ഈ കാടുകളാണ്. മുപ്പതിനായിരത്തിലധികം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ജീവ ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ആമസോണ്‍.
ഈ വര്‍ഷം മാത്രം 74,000ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണില്‍ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയന്‍ ഭരണാധികാരിയും കോര്‍പ്പറേറ്റുകളുടെ കളിത്തോഴനുമായ ജയര്‍ ബോള്‍സനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതില്‍ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.
ബോളീവിയന്‍ അതിര്‍ത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാന്‍ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കര്‍ വിമാനത്തെ വാടകയ്ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാല്‍ ആമസോണ്‍ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്.
ബോണ്‍സനാരോയുടെ ക്രിമിനല്‍ നിസംഗത ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിയ്ക്കുന്നതെന്നും റിയാസ് പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..