18 September Wednesday

ആമസോണ്‍ കാട്ടുതീ: ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 ന്യൂഡൽഹി >   ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ കത്തിയമരുന്നത്‌ തടയാൻ ബ്രസീൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. കരുതിക്കൂട്ടി പരിസ്ഥിതിയെ നശിപ്പിക്കുന്ന നീക്കം അവസാനിപ്പിണമെന്ന്‌ ഡൽഹിയിലെ ബ്രസീൽ എംബസിക്കുമുന്നിൽ നടന്ന പ്രതിഷേധം ആവശ്യപ്പെട്ടു. ആമസോണിനായുള്ള ഇടപെടൽ ഉറപ്പാക്കണമെന്ന പ്ലക്കാർഡുകളുമായാണ്‌ പ്രതിഷേധക്കാർ അണിനിരന്നത്‌. എംബസിയുള്ള ഡോ. എപിജെ അബ്‌ദുൾകലാം റോഡിൽ പൊലീസ്‌ കനത്ത സുരക്ഷയും നിയന്ത്രണവും ഒരുക്കി.

കോർപറേറ്റ്‌ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ ആമസോൺ കാടുകൾ കത്തിത്തീരാൻ വഴിയൊരുക്കുകയാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഭൂമിയിൽ ഓക്‌സിജന്റെ 20 ശതമാനവും അന്തരീക്ഷത്തിലേക്ക്‌ വിടുന്ന മഴക്കാടുകൾ കത്തിയമരുന്നത്‌ ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നമാണ്‌. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ആമസോണിനെ സംരക്ഷിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിനൊപ്പം ബ്രസീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടു.

ആമസോൺ കാടുകളിലെ കാട്ടുതീ അണയ്‌ക്കുന്നതിന്‌ ബ്രസീൽ പ്രസിഡന്റ്‌ ജൈര്‍ ബൊല്‍സൊനാരോ ക്രിയാത്മകമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന്‌ ജനറൽ സെക്രട്ടറി അഭോയ്‌ മുഖർജി കുറ്റപ്പെടുത്തി. ഇടതുപക്ഷക്കാരനായ ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലസ്‌ തീയണയ്‌ക്കാൻ ശക്തമായ ഇടപെടൽ നടത്തി. ലോകത്തിലെതന്നെ ഏറ്റവും വലിയ ടാങ്കർ വിമാനം വാടകയ്‌ക്കെടുത്ത്‌ തീയണയ്‌ക്കാനായി അവർ  ഉപയോഗിക്കുന്നു. ഇവോ മൊറാലസിന്റെ പ്രവർത്തനങ്ങൾക്ക്‌ അഭിവാദ്യം അർപ്പിക്കുന്നെന്ന്‌ അഭോയ്‌ മുഖർജി പറഞ്ഞു. ട്രഷറൽ ബാൽബീർ പരാശർ, വൈസ്‌ പ്രസിഡന്റ്‌ ദീപ, ജോയിന്റ്‌ സെക്രട്ടറി പ്രീതി ശേഖർ, സംസ്ഥാന സെക്രട്ടറി എ എ റഹിം, ഡൽഹി സംസ്ഥാന സെക്രട്ടറി സഞ്ജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top