05 April Sunday

ആന്ധ്ര തലസ്ഥാനമാറ്റം: രണ്ടുമാസം പിന്നിട്ട്‌ കർഷകസമരം

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

ന്യൂഡൽഹി > ആന്ധ്രയുടെ തലസ്ഥാന മാറ്റത്തിന്‌ അമരാവതിയിൽ  ഭൂമി വിട്ടുനൽകിയ കർഷകരുടെ സമരം രണ്ടുമാസം പിന്നിട്ടു. കഴിഞ്ഞ സർക്കാരാണ്‌ അമരാവതിയിൽ പുതിയ തലസ്ഥാനം നിർമിക്കാൻ തീരുമാനമെടുത്തത്‌.  പുതുതായി അധികാരത്തിലെത്തിയ ജഗൻമോഹൻ റെഡ്ഡി മൂന്നുതലസ്ഥാനം സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ്‌ കൃഷിഭൂമി വിട്ടുനൽകിയ കർഷകർ സമരത്തിലേക്ക്‌ തിരിഞ്ഞത്‌. 

അമരാവതിയിൽ തലസ്ഥാന നിർമാണത്തിനായി 29 വില്ലേജിലെ 34,000ത്തിലേറെ ഹെക്ടർ കൃഷിഭൂമിയാണ് 2014ൽ സർക്കാർ ഏറ്റെടുത്തത്‌. ഏതാണ്ട് 30,000 ലേറെ കർഷകരിൽനിന്നാണ് ഇത്രയും ഭൂമി ഏറ്റെടുത്തത്. നഗരം വികസിക്കുന്നതിന്‌ അനുസൃതമായി ഭൂമിവില ഉയരുമ്പോൾ അതിന്റെ 25 ശതമാനം കർഷകർക്ക് തിരിച്ചുനൽകുമെന്നാണ്‌ വ്യവസ്ഥ. വിട്ടുനൽകിയ ഭൂമിക്ക് പ്രതിവർഷം പാട്ടത്തുകയും നിശ്ചയിച്ചിരുന്നു.  പുതിയ തീരുമാനത്തോടെ കർഷകർ വഞ്ചിക്കപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ  63 ദിവസമായി ഒമ്പത്‌ കേന്ദ്രത്തിലായി കർഷകർ അനിശ്ചിതകാല സത്യഗ്രഹത്തിലാണ്‌.

സമരത്തിലുള്ള കർഷകരെ കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ കെ രാഗേഷ്‌ എംപിയും വിജു കൃഷ്‌ണനും സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top