Deshabhimani

പുഷ്പ 2 സ്ക്രീനിങ്ങിനിടെ യുവതി മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ കോടതിയിൽ

വെബ് ഡെസ്ക്

Published on Dec 12, 2024, 11:15 AM | 0 min read

ഹൈദരാബാദ് > പുഷ്പ 2ന്റെ സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയിൽ. തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ‌ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു അർജുൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അതിനാൽ എഫ്ഐആർ റദ്ദാക്കണമെന്നുമാണ് ഹർജി.

സംഭവത്തിൽ തിയറ്റർ ഉടമയടക്കം 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലു അർജുനെതിരെയും കേസെടുത്തിരുന്നു.

ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
 
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.



deshabhimani section

Related News

0 comments
Sort by

Home