19 September Thursday

സഖ്യസർക്കാരിന‌് വഴങ്ങാത്ത കർണാടകം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ബംഗളൂരു
കർണാടകത്തിൽ സഖ്യസർക്കാരുകൾ കൂടുതൽ കാലം ഭരിച്ച ചരിത്രമില്ല. കാലാവധി പൂർത്തിയാക്കാതെ സഖ്യം വേർപിരിഞ്ഞസംഭവങ്ങൾ നിരവധി.  വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന കോൺഗ്രസ‌്, ജനതാ സർക്കാരുകളും തൊഴുത്തിൽ കുത്തിൽ തകർന്ന ചരിത്രമുണ്ട‌് കർണാടകത്തിന‌്. 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല.

79 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 65 സീറ്റുള്ള കോൺഗ്രസും 58 സീറ്റുള്ള ജനതാദൾ എസും ചേർന്ന‌് ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്തുനിർത്തി സർക്കാരുണ്ടാക്കി.  കോൺഗ്രസിലെ എൻ ധരംസിങ് 2004 മെയ് 28-ന് മുഖ്യമന്ത്രിയായി. ജെഡിഎസ‌് നേതാവ‌് സിദ്ധാരാമയ്യ ഉപമുഖ്യമന്ത്രി. സഖ്യസർക്കാർ നിലവിൽ വന്നതുമുതൽ തുടങ്ങിയ അഭിപ്രായവ്യത്യാസം  വളർന്ന‌് സഖ്യം തകർന്നു. ജെഡിഎസിനകത്ത‌ും ഭിന്നിപ്പ‌് ശക്തമായി.  ഉപമുഖ്യമന്ത്രി സിദ്ധരാമയ്യയെ ജെഡിഎസ‌് പുറത്താക്കി. 16 എംഎൽഎമാർ സിദ്ധരാമയ്യയ‌്ക്കൊപ്പം ഉറച്ചുനിന്നതോടെ  സർക്കാരിനുള്ള പിന്തുണ ജെഡിഎസ‌് പിൻവലിച്ചു. ഇതോടെ 21 മാസം തികയുന്നതിനുമുമ്പേ സഖ്യസർക്കാർ തകർന്നു. വൻതോതിൽ പണവും സ്ഥാനമാനങ്ങളും നൽകി എംഎൽഎമാരെ വിലയ‌്ക്കെടുക്കാൻ തുടക്കമിട്ടത‌് ധരംസിങ‌് സർക്കാരിന്റെ കാലത്ത‌് കോൺഗ്രസാണ‌്.  ഇത‌് ഇപ്പോൾ അവരെത്തന്നെ തിരിഞ്ഞുകുത്തി. 

 അന്ന് എച്ച‌് ഡി കുമാരസ്വാമി പക്ഷത്ത‌ിന‌് 42 എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നു.  ബിജെപിയുടെ പിന്തുണയോടെ 2006 ജനുവരി 28-ന് കുമാരസ്വാമി മുഖ്യമന്ത്രിയായി. ബി എസ് യെദ്യൂരപ്പ  ഉപമുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനം 20 മാസം കഴിഞ്ഞ് കൈമാറാമെന്നായിരുന്നു ധാരണ. ഇതുപ്രകാരം 2007 ഒക്ടോബറിൽ ബി എസ‌് യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും പിന്തുണ നൽകാൻ ജെഡിഎസ‌് തയ്യാറായില്ല. ഏഴാം ദിവസം യെദ്യൂരപ്പ  രാജിവച്ചു. 2008-ൽ ബിജെപിക്ക‌് അധികാരത്തിലെത്താൻ ഇത‌് സഹായമായി. ജനതാദൾ വഞ്ചിച്ച  സഹതാപത്തിൽ ബിജെപി 110 സീറ്റോടെ കേവല ഭൂരിപക്ഷത്തിനടുത്തെത്തി. സ്വതന്ത്രരുടെ പിന്തുണയോടെ ബി എസ‌് യെദ്യൂരപ്പ സർക്കാരുണ്ടാക്കി. കോൺഗ്രസ‌് 80 സീറ്റുനേടിയപ്പോൾ  ജനതാദൾ 28 സീറ്റിലൊതുങ്ങി.
‘ഓപ്പറേഷൻ കമല’ എന്ന പേരിലുള്ള കൂറുമാറ്റത്തിലൂടെ ബിജെപി സർക്കാർ അഞ്ച‌ുവർഷം പൂർത്തിയാക്കിയെങ്കിലും  മൂന്ന‌് മുഖ്യമന്ത്രിമാർ മാറിവന്നു. 2004 ന‌ുശേഷം 2018-ലാണ് സഖ്യകക്ഷി സർക്കാരുണ്ടാകുന്നത്.  ഇതും ഇപ്പോൾ അകാലത്തിൽ പൊഴിഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top