ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍
ന്യൂഡൽഹി
സംഘപരിവാർ വേദിയിൽ അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്‌ജി ശേഖർ കുമാർ യാദവ് ഭരണഘടന തത്വങ്ങളെ വെല്ലുവിളിച്ച് വിദ്വേഷം ചൊരിഞ്ഞ സംഭവത്തില്‍ സുപ്രിംകോടതി ഇടപെടൽ. ജഡ്‌ജിയുടെ പ്രസംഗത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടെന്നും അലഹബാദ് ഹൈക്കോടതിയിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും സുപ്രീംകോടതി പ്രസ്‌താവനയിൽ അറിയിച്ചു.
‘ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടമേ ഇവിടെ നടക്കൂ. അതാണ് നിയമം’ –- തുടങ്ങിയ ആക്രോശങ്ങളും മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അവഹേളന പരാമർശങ്ങളുമായിരുന്നു പ്രസംഗത്തിലെമ്പാടും.
യാദവിന് ജഡ്‌ജിയായി തുടരാൻ അർഹതയില്ലെന്നും കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ ആവശ്യപ്പെട്ടു. ഇത്തരക്കാർ എങ്ങനെയാണ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കപ്പെടുന്നത്. ഇത്തരം പരാമർശം നടത്താൻ എങ്ങനെ ധൈര്യം ലഭിക്കുന്നു. എന്തുകൊണ്ടാണ് 10 വർഷത്തിനിടയിൽ മാത്രം ഇത്തരം സംഭവങ്ങളുണ്ടാകുന്നത്–- അദ്ദേഹം ചോദിച്ചു.
ഇംപീച്ച്‌മെന്റിനോട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ബിജെപി എംപിമാർ എന്നിവർ സഹകരിക്കണം. അതുണ്ടായില്ലെങ്കിൽ അവർ ജഡ്‌ജിക്കൊപ്പമാണെന്ന സന്ദേശമാണ് രാജ്യത്തിന് ലഭിക്കുക–- സിബൽ ഓർമിപ്പിച്ചു.
0 comments