19 July Friday

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ നിയമനത്തിന് കൊളീജിയം വേണം: എംപ്ലോയീസ് അസോസിയേഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

കൊല്‍ക്കത്ത > റിസര്‍വ് ബാങ്കിലെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ പോലുള്ള സുപ്രധാന പദവിയിലെ നിയമനങ്ങള്‍ക്കായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍മാരും സാമ്പത്തിക വിദഗ്ദരും കേന്ദ്ര ബാങ്ക് അധികാരികളും അടങ്ങുന്ന കൊളീജിയം വേണമെന്ന് ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നിരവധി തവണ പാര്‍ലിമെന്ററി സമിതികള്‍ക്കു മുന്‍പാകെ അസോസിയേഷന്‍ ഇക്കാര്യം മുന്‍പ് ഉന്നയിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരോ ധനമന്ത്രിയോ നിയമനക്കാര്യം തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല. ഒരു കൊളീജിയത്തിനു മാത്രമേ ആ സ്ഥാനത്തിന് യോജിച്ചവരുടെ കാര്യക്ഷമതയും പാണ്ഡിത്യവും അനുഭവ പാരമ്പര്യവും വിലയിരുത്തി ശരിയായ തീരുമാനത്തില്‍ എത്തുവാന്‍ കഴിയൂ. രാജ്യത്തെ കേന്ദ്രബാങ്കിന്റെ നിഷ്പക്ഷതയും സ്വയംഭരണാവകാശവും സ്വാതന്ത്രവും നിലനിര്‍ത്തുവാനും ഇത്തരം നിയമനങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യവും നിക്ഷിപ്ത താല്പര്യത്തോടെയുള്ളതുമായ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുവാനും പ്രത്യേക കൊളീജിയത്തിലൂടെ കഴിയും.

കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഡോ.വിറല്‍ ആചാര്യ  രാജിവെയ്ക്കുന്നത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും സ്വാഭാവികമായി ഇടനല്‍കിയിട്ടുണ്ട്. വിറല്‍ ആചാര്യ രാജി വെയ്ക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെങ്കിലും റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണാധികാരവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര ധനകാര്യവകുപ്പുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന കടുത്തതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാജി പെട്ടെന്നാക്കി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളും സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യപൂര്‍വം പ്രകടിപ്പിക്കുന്നതില്‍ മടിയില്ലാത്ത വ്യക്തിയുമായിരുന്നു വിറല്‍ ആചാര്യ. അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സമീര്‍ ഘോഷ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top