26 May Tuesday

ദുരിതമകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായപാക്കേജുകള്‍ പ്രഖ്യാപിക്കണം: ലോയേഴ്‌‌‌‌സ് യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

ന്യൂഡല്‍ഹി > ലോക്ക്ഡൗണ്‍ കാലത്ത് സമൂഹത്തിലെ അവശജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായപാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍. കുടിയേറ്റതൊഴിലാളികളും ദിവസക്കൂലിക്കാരും പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുമാണ് ലോക്ക്ഡൗണ്‍ കാലത്ത് വലിയ ദുരിതങ്ങള്‍ നേരിടുന്നത്. സമൂഹത്തിലെ അവശജനവിഭാഗങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടാന്‍ ആവശ്യമായ സഹായപാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്രസര്‍ക്കാര്‍ നേരത്ത പ്രഖ്യാപിച്ച സാമ്പത്തികപാക്കേജ് നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ മുന്നില്‍ക്കണ്ട് കേരളാസര്‍ക്കാര്‍ 20,000 കോടിയുടെ പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ജന്‍ധന്‍അക്കൗണ്ടുകളിലേക്കും മൂന്ന് മാസത്തേക്ക് 5,000 രൂപ വീതം വിതരണം ചെയ്യണം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാജോലികള്‍ക്കും കൂലി നേരിട്ട് അക്കൗണ്ടുകളിലേക്ക് കൈമാറണം, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കണം, അഭിഭാഷകരെ സഹായിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേകഗ്രാന്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും  ലോയേഴ്സ് യൂണിയന്‍ മുന്നോട്ടുവെച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top