11 December Wednesday

സംഘപരിവാറിനെതിരെ വാതുറക്കാതെ വയലാർ രവിയും: രാജ്യസഭയിൽ മിണ്ടാട്ടമില്ലാതെ ആന്റണി

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ന്യൂഡൽഹി
യൂണിവേഴ‌്സിറ്റി കോളേജ‌് വിഷയത്തിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ച‌് എസ‌്എഫ‌്ഐക്കെതിരെ അടിസ്ഥാനരഹിത ആക്ഷേപങ്ങൾ ഉന്നയിച്ച എ കെ ആന്റണി രാജ്യസഭാംഗമെന്ന നിലയിൽ സമ്പൂർണ പരാജയം. സഭയിൽ അദ്ദേഹത്തിന്റെ ശബ്ദമുയർന്നിട്ട‌് അഞ്ചുവർഷമായി. ഒന്നാം മോഡി സർക്കാരിന്റെ അഞ്ചുവർഷത്തിൽ, പാർലമെന്റിൽ ഒരിക്കൽപോലും ആന്റണിയുടെ ശബ്ദമുയർന്നില്ല. രാജ്യത്ത‌ിന്റെ വിവിധഭാഗങ്ങളിൽ ദളിത‌്–-ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും കോൺഗ്രസിന്റെ മുതിർന്ന നേതാവായ ആന്റണി മിണ്ടിയില്ല. കേരളത്തിൽനിന്നുള്ള മറ്റൊരു മുതിർന്ന നേതാവ‌് വയലാർ രവിയും സംഘപരിവാറിനെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സംസ്ഥാന താൽപ്പര്യമുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിലും ഈ മുതിർന്ന അംഗങ്ങൾ പാടേ പരാജയപ്പെട്ടു.

2005 മുതൽ ആന്റണി രാജ്യസഭാംഗമാണ്. വയലാർ രവി 2003 മുതൽ തുടർച്ചയായി സഭയിലുണ്ട്. ഒന്നും രണ്ടും യുപിഎ സർക്കാരുകളിലായി 2006 മുതൽ 2014 വരെ ഇരുവരും കേന്ദ്രമന്ത്രിമാരുമായി. പിന്നീട‌് മോഡി അധികാരത്തിലെത്തിയതോടെ ആന്റണിയും വയലാർ രവിയും നിശ്ശബ്ദരായി. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ജയ്റാം രമേശ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നൽകുമ്പോഴും ഇരുവരും വെറും കാഴ്ചക്കാരായി.

പാർലമെന്റ് രേഖകൾ പ്രകാരം മന്ത്രിസ്ഥാനമൊഴിഞ്ഞ് എംപിയായ ശേഷം എ കെ ആന്റണി ഒരു ചോദ്യംപോലും സഭയിൽ ഉന്നയിച്ചിട്ടില്ല. ഇതേ കാലയളവിൽ മറ്റംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം ശരാശരി 512 ആണ്. കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളാകട്ടെ ശരാശരി 690 ചോദ്യങ്ങൾ ഈ കാലയളവിൽ ഉന്നയിച്ചു. രണ്ട് ശ്രദ്ധക്ഷണിക്കലടക്കം 11 ചർച്ചകളിൽ മാത്രമാണ് ആന്റണി പങ്കാളിയായത്. ഒരംഗം ശരാശരി 106.9 ചർച്ചകളിലും കേരളത്തിലെ  അംഗങ്ങൾ  ശരാശരി 165.8 വരെ ചർച്ചകളിലും പങ്കെടുക്കുന്നതായി പാർലമെന്റ് രേഖ സാക്ഷ്യപ്പെടുത്തുന്നു. സ്വകാര്യബില്ലവതരിപ്പിക്കുന്ന കാര്യത്തിലും ആന്റണി സംപൂജ്യനാണ്.

ചോദ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വയലാർ രവിയുടെ പ്രകടനം ആന്റണിയേക്കാൾ ഭേദമാണ്. 33 ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ആകെ അഞ്ച് ചർച്ചയിൽ മാത്രമാണ് വയലാർ രവി പങ്കെടുത്തത്. വയലാർ രവിയും സ്വകാര്യബില്ലുകളൊന്നും കൊണ്ടുവന്നിട്ടില്ല.


പ്രധാന വാർത്തകൾ
 Top