14 December Saturday

എയർ ഇന്ത്യ, ഭാരത്‌ പെട്രോളിയം വിൽപ്പന മാർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ന്യൂഡൽഹി > കടക്കെണിയിലായ എയർ ഇന്ത്യയും ഭാരത്‌ പെട്രോളിയവും മാർച്ചിൽ വിൽക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പ്രതിസന്ധിയിലായ  പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന മാർച്ചോടെ പൂർത്തിയാക്കുമെന്ന്‌  ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. എയർ ഇന്ത്യ 58,000 കോടിരൂപ കടത്തിലാണ്‌. വിൽപ്പന നേരത്തെ നിശ്‌ചയിച്ചതെങ്കിലും  നിക്ഷേപകരിൽനിന്നും നല്ല പ്രതികരണമുണ്ടായില്ല.

കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി പണയം വയ്‌ക്കാനും കമ്പനിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനും നിക്ഷേപകരെ ക്ഷണിച്ചിരുന്നു. എന്നാൽ, 24 ശതമാനം ഓഹരി സർക്കാരിന്റെ കൈവശമായതിനാൽ ഏറ്റെടുക്കാൻ നിക്ഷേപകർ മടിച്ചു. ഇപ്പോൾ എയർ ഇന്ത്യ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണ്‌.  സമ്പൂർണ ഓഹരിവിൽപ്പനയ്‌ക്കുള്ള എല്ലാ തടസ്സവും നീങ്ങി.  ഇതോടെ നിക്ഷേപ കമ്പനികൾ  താൽപ്പര്യം കാണിക്കുന്നുണ്ട്‌. എയർ ഇന്ത്യക്ക്‌ കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 4600 കോടി രൂപായായിരുന്നു നഷ്ടം.

ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരിവിൽക്കാൻ കഴിഞ്ഞ ഒക്‌ടോബറിൽ ഓഹരി ഉടമകൾ അനുവാദം നൽകി. 1.02 ലക്ഷം കോടിയുടെ വിപണിമൂല്യമുള്ള കമ്പനിയാണ്‌ ബിപിസിഎൽ. 53 ശതമാനം ഓഹരി വിറ്റഴിച്ച്‌ 65,000 കോടി സമാഹരിക്കാമെന്ന്‌ പ്രതീക്ഷയുണ്ട്‌. നികുതിപിരിവ്‌ കാര്യക്ഷമമല്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്‌. ഓഹരി വിൽപ്പനയല്ലാതെ മറ്റു മാർഗമില്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top