25 August Sunday

ആദിവാസികളെ വനത്തിൽനിന്ന‌് ഒഴിപ്പിക്കരുത‌്: കിസാൻ സഭ പ്രതിഷേധമാർച്ച‌് 22ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ന്യൂഡൽഹി> രാജ്യത്ത‌് 11 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽനിന്ന‌് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന‌് അഖിലേന്ത്യ കിസാൻ സഭ. കേന്ദ്രസർക്കാർ നിഷ‌്ക്രിയത്വം അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് 22ന‌് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന‌് ജനറൽ സെക്രട്ടറി ഹനൻ മൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി ജന്തർ മന്ദറിലും, ജില്ല, ബ്ലോക്ക‌്, വില്ലേജ്‌  തലത്തിലും പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കും. കിസാൻ സഭ, ആദിവാസി അധികാർ രാഷ‌്ട്രീയ മഞ്ച‌്, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ, ഭൂമി അധികാർ ആന്തോളൻ സംഘടനകൾ സംയുക്തമായാണ‌് പ്രതിഷേധം. ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി വിധി ജൂലൈ 10വരെ സ‌്റ്റേ ചെയ‌്തിരുന്നു. കേസ‌് വീണ്ടും 24ന‌് കോടതി പരിഗണിക്കും. ആദിവാസികൾക്ക‌് അനുകൂല സമീപനം വേണമെന്ന‌് ആവശ്യപ്പെട്ട‌് എല്ലാ മുഖ്യമന്ത്രിമാർക്കും ഭൂമി അധികാർ ആന്തോളൻ കത്തയച്ചു.

സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള ന്യായവിലയും സംഭരണവും ഉറപ്പാക്കണമെന്ന ബില്ലും കർഷക കടാശ്വാസ ബില്ലും പാർലമെന്റ‌് പാസാക്കണമെന്ന‌് ഹനൻ മൊള്ള ആവശ്യപ്പെട്ടു. സ്വകാര്യ ബില്ലായി പാർലമെന്റിൽ അവതരിപ്പിക്കുന്നവ പാസാക്കുമെന്ന‌് രാഷ‌്ട്രപതി വാഗ‌്ദാനം ചെയ‌്തിരുന്നു. ബിൽ പാസാക്കാൻ തയ്യാറാകാത്ത ബിജെപി സർക്കാരിന്റെ വഞ്ചനയ‌്ക്കെതിരെ ആഗസ‌്ത‌് മൂന്നിന‌്  ജില്ലാ ആസ്ഥാനങ്ങളിൽ അഖിലേന്ത്യ കിസാൻ സംഘർഷ‌് കോർഡിനേഷൻ കമ്മിറ്റി റാലി നടത്തും. കലക്ടർമാർക്ക‌് നിവേദനം സമർപ്പിക്കും. തൊഴിൽനിയമങ്ങൾ അട്ടിമറിച്ചതിനെതിരെ തൊഴിലാളികൾക്ക‌് ഐക്യദാർഢ്യവുമായി കർഷകർ രംഗത്തിറങ്ങും.

സെപ‌്തംബർ അഞ്ചിന‌് ദേശീയ തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കർഷകരുടെ വേതനമല്ല പ്രശ‌്നങ്ങൾ ഇരട്ടിയാക്കുക എന്നതാണ‌് ബിജെപി സർക്കാരിന്റെ നയമെന്ന‌് കിസാൻ സഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top