25 August Sunday

കർണാടകത്തിൽ നിർണായക രാഷ‌്ട്രീയ ഇടപെടലുകൾ വേണ്ടപ്പോൾ ആളനക്കമില്ലാതെ എഐസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

ന്യൂഡൽഹി> കർണാടകത്തിൽ നിർണായക രാഷ‌്ട്രീയ ഇടപെടലുകൾ വേണ്ടപ്പോൾ എഐസിസി ആസ്ഥാനത്ത‌് കൂടിയാലോചനകൾ പോലുമില്ല. അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവർത്തക സമിതിയോഗം അടുത്തയാഴ‌്ചത്തേക്ക‌് മാറ്റി. അമേഠി സന്ദർശനം നടത്തുന്ന രാഹുൽഗാന്ധിയുടെയും വിദേശത്തുപോകുന്ന സോണിയയുടെയും സൗകര്യം പരിഗണിച്ച‌് 15ന‌് യോഗം ചേർന്നേക്കും.

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന‌് രാഹുൽഗാന്ധി ഒരു പാനൽ രൂപീകരിക്കണമെന്ന‌് കോൺഗ്രസ‌് മുൻ ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി ആവശ്യപ്പെട്ടു. 2012ൽ സോണിയ ഗാന്ധി ചികിത്സയ‌്ക്കായി യുഎസിൽ പോയപ്പോൾ ചുമതല നിർവഹിക്കാൻ സമിതിയെ നിയോഗിച്ചിരുന്നെന്ന‌് ദ്വിവേദി ചൂണ്ടിക്കാട്ടി. ഇതിനിടെ, പഞ്ചാബ‌് എംഎൽഎ കുൽജിത്‌ സിങ‌് നഗാര എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സുമൻ മിത്ര രാജിസന്നദ്ധത അറിയിച്ചു.

2018 സെപ‌്തംബറിലാണ‌് സുമൻ മിത്ര സ്ഥാനമേറ്റത‌്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. രാഹുൽ തുടരാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന‌് മിത്ര പ്രസ‌്താവനയിൽ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന ആവശ്യമാണ‌് പ്രബലമായി നിൽക്കുന്നത‌്. യുവനേതാക്കൾക്ക‌് നേതൃത്വം നൽകണമെന്ന പഞ്ചാബ‌് മുഖ്യമന്ത്രി അമരീന്ദർ സിങ‌് പരസ്യനിലപാടെടുത്തിരുന്നു.

അതേസമയം, കർണാടക വിഷയം ഉന്നയിച്ച‌് കോൺഗ്രസ‌് ലോക‌്സഭയിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽഗാന്ധി പങ്കെടുത്തു. 17–-ാം ലോക‌്സഭാ സമ്മേളനത്തിൽ ആദ്യമായാണ‌് രാഹുൽ പ്രതിഷേധത്തിനിറങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top