ചെന്നൈ
തമിഴ്‌നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ. ബിജെപിക്ക് തമിഴ്‌നാട്ടിൽ കാലുകുത്താനാകില്ലെന്നും ഐഎഡിഎംകെ ഉള്ളതുകൊണ്ടാണ് തമിഴ്‌നാട്ടിൽ ബിജെപി അറിയപ്പെടുന്നതെന്നും മുതിര്‍ന്ന നേതാവ് ഡി ജയകുമാർ തുറന്നടിച്ചു.
ദ്രാവിഡ രാഷ്ട്രീയനേതാക്കളെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ തുടര്‍ച്ചയായി ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകാണ്ടാണ് ജയകുമാര്‍ രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാരുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ ആവശ്യമില്ലെന്നും അണ്ണാമലൈ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
"അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. എഐഎഡിഎംകെ നേതാക്കളെ വിമർശിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. സഖ്യം ഈ രീതിയിൽ തുടരാനാകില്ല'–- ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, സഖ്യം വിടുന്നതായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..