17 January Sunday
മോഡിസർക്കാർ വന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ പിന്നാലെ

അണിയറയിലെ പ്രമുഖൻ ; സോണിയയുടെ വിശ്വസ്‌തൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

photo credit Vice President's Secretariat (GODL-India)


  
ന്യൂഡൽഹി
എട്ടുതവണ പാർലമെന്റ്‌ അംഗമായ അഹമ്മദ്‌ പട്ടേൽ ഒരിക്കലും മന്ത്രിയായില്ല. പക്ഷേ, സോണിയ ഗാന്ധിയുടെ വിശ്വസ്‌തനായ പട്ടേലിന്റെ അദൃശ്യസാന്നിധ്യം യുപിഎ സർക്കാരുകളുടെ കാലത്ത്‌ പല മന്ത്രാലയങ്ങളിലും പ്രകടമായി. മാധ്യമങ്ങളിൽനിന്ന്‌ അകന്നുനിൽക്കാൻ ആഗ്രഹിച്ച അദ്ദേഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നു. വിവാദങ്ങളും പിന്തുടർന്നു.

ഗുജറാത്തിലെ ബറൂച്ച്‌ സ്വദേശിയായ പട്ടേൽ 1977ൽ ലോക്‌സഭാംഗമായെങ്കിലും  രാജീവ്‌ ഗാന്ധിയുടെ കാലത്താണ്‌  ശ്രദ്ധേയനായത്‌. 1985ൽ പ്രധാനമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായി. സർദാർ സരോവർ അണക്കെട്ട്‌ പദ്ധതിയുടെ മേൽനോട്ടത്തിന്‌ നർമദ അതോറിറ്റി രൂപീകരിക്കാനായി മുന്നിട്ട്‌ പ്രവർത്തിച്ചു. 1989 വരെ ലോക്‌സഭാംഗമായി തുടർന്നു. 1993ൽ ഗുജറാത്തിൽനിന്ന്‌ ആദ്യമായി രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാല്‌ പ്രാവശ്യംകൂടി  ഉപരിസഭയിലെത്തി. 2017ൽ പട്ടേലിന്റെ വിജയം തടയാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്‌ നാടകീയ സംഭവവികാസങ്ങൾക്ക്‌ ഇടയാക്കി. ഗുജറാത്തിലെ കോൺഗ്രസ്‌ എംഎൽഎമാരെ തെരഞ്ഞെടുപ്പുവരെ കർണാടകത്തിലെ റിസോർട്ടിൽ പാർപ്പിക്കേണ്ടിവന്നു.

ദീർഘകാലം സോണിയഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നു. നിർണായക തീരുമാനങ്ങൾ എടുക്കാൻ സോണിയഗാന്ധി പട്ടേലിനെ ആശ്രയിച്ചു. കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ ഏറെക്കാലം പട്ടേൽ പ്രധാന പങ്കുവഹിച്ചു. സംസ്ഥാന കോൺഗ്രസുകളിലെ  തർക്കങ്ങൾ പരിഹരിക്കാനും നിയോഗിക്കപ്പെട്ടു. രാഹുൽഗാന്ധി വന്നശേഷം എഐസിസി  ട്രഷറർ സ്ഥാനത്തുനിന്ന്‌ മാറ്റിയെങ്കിലും പിന്നീട്‌ തിരികെവന്നു.  മോഡിസർക്കാർ അധികാരത്തിൽവന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ പട്ടേലിനു പിന്നാലെ കൂടി.  കോവിഡിനിടെ‌ അഹമ്മദ്‌ പട്ടേലിനെ  ഇഡി ചോദ്യംചെയ്‌തത്‌ വിവാദമായി.

നേതാക്കൾ അനുശോചിച്ചു
അഹമ്മദ്‌ പട്ടേലിന്റെ നിര്യാണത്തിൽ രാഷ്‌ട്രപതി രാമനാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ അനുശോചിച്ചു.  പാർലമെന്റേറിയൻ എന്ന നിലയിൽ കോൺഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേൽ തന്ത്രജ്ഞന്റെയും ബഹുജന നേതാവിന്റെയും കഴിവുകൾ സംയോജിപ്പിച്ചയാളായിരുന്നുവെന്ന്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ പറഞ്ഞു. സമൂഹത്തെ സേവിച്ച്‌ ദീർഘനാൾ പൊതുജീവിതം നയിച്ചയാളാണ്‌ അഹമ്മദ്‌ പട്ടേലെന്ന്‌ മോഡി പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ അദേഹം വഹിച്ച പങ്ക്‌ എക്കാലവും സ്‌മരിക്കപ്പെടുമെന്നും മോഡി അനുശോചനസന്ദേശത്തിൽ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർടികളുടെയും നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നയാളായിരുന്നുവെന്ന്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

പകരം വയ്‌ക്കാനാകാത്ത സഖാവിനെയാണ്‌ നഷ്ടമായതെന്ന്‌ സോണിയ പറഞ്ഞു. ജീവിതമത്രയും കോൺഗ്രസിനായി സമർപ്പിച്ച സഹപ്രവർത്തകനെയും സുഹൃത്തിനെയുമാണ്‌ നഷ്ടപ്പെട്ടതെന്നും സോണിയ അനുശോചനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ നെടുംതൂണായിരുന്നു അഹമ്മദ്‌ പട്ടേലെന്ന്‌ രാഹുൽ പറഞ്ഞു. എപ്പോഴും ഉപദേശത്തിനും നിർദേശത്തിനുമായി താൻ സമീപിച്ചിരുന്ന മുതിർന്ന സഹപ്രവർത്തകനായിരുന്നു  പട്ടേലെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡൽഹി രാഷ്ട്രീയത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അഹമ്മദ് പട്ടേലിന്റെ വേർപാട് തീരാദുഃഖമാണെന്ന്‌ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ  ആന്റണി.

ഇന്ത്യൻ രാഷ്ട്രീയത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വലിയ നഷ്ടമാണ്‌ അഹമ്മദ്‌ പട്ടേലിന്റെ വിയോഗമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജീവിതത്തിലുടനീളം കോൺഗ്രസുകാരനായി നിലകൊണ്ടു. സൗമ്യവും സൗഹാർദപരവുമായ പെരുമാറ്റ രീതിയിലൂടെ എല്ലാ രാഷ്ട്രീയ പാർടികളെയും സമീപിക്കാൻ അദേഹത്തിന്‌ കഴിഞ്ഞിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.  പുരോഗമന മൂല്യങ്ങൾക്കായി നിലകൊണ്ട നേതാവാണ്‌ പട്ടേലെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. 

കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, രാജ്‌നാഥ്‌ സിങ്‌, സ്‌മൃതി ഇറാനി, മുഖ്യമന്ത്രിമാരായ മമത ബാനർജി, ഹേമന്ത്‌ സോറൻ, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ബിഎസ്‌പി അധ്യക്ഷ മായാവതി, എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ തുടങ്ങിയവർ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top