16 January Saturday

ഹെലികോപ്‌റ്റർ കോഴ : മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ ഇഡി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


ന്യൂഡൽഹി
അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാട്‌ കോഴക്കേസിൽ മുഖ്യപ്രതി രാജീവ്‌ സക്‌സേനയെ മാപ്പുസാക്ഷിയാക്കണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ സുപ്രീം കോടതിൽ. മൊഴിയിൽ സക്‌സേന പരാമർശിച്ച കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടപടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്‌‌ പുതിയ നീക്കം. കോൺഗ്രസ്‌ നേതാക്കളായ അഹമ്മദ്‌ പട്ടേൽ, സൽമാൻ ഖുർഷിദ്‌, കമൽനാഥിന്റെ മകൻ ബകുൽ നാഥ്‌ എന്നിവരാണ്‌ കോഴയുടെ രാഷ്‌ട്രീയ ഗുണഭോക്താക്കളെന്നായിരുന്നു‌ സക്‌സേനയുടെ മൊഴി‌.  കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സക്‌സേനയെ മാപ്പുസാക്ഷിയാണമെന്നാണ്‌ ഇഡിയുടെ ആവശ്യം.

2019 ജനുവരിയിൽ അറസ്‌റ്റിലായ സക്‌സേന ഇപ്പോൾ ജാമ്യത്തിലാണ്‌. ഇയാളുടെ ഇന്റർസ്‌റ്റെല്ലാർ ടെക്‌നോളജീസ്‌, മറ്റൊരു പ്രതി ക്രിസ്‌ത്യൻ മൈക്കേലിന്റെ ഗ്ലോബൽ സർവീസസ്‌ എന്നീ കമ്പനികൾവഴി കോഴപ്പണം ഇന്ത്യയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർക്ക്‌ ലഭിച്ചെന്നാണ്‌ കേസ്‌.

ഇറ്റലി, മൗറീഷ്യസ്‌ എന്നിവിടങ്ങളിൽനിന്ന്‌ വന്ന കോഴപ്പണമാണ്‌ ഇന്റർസ്‌റ്റെല്ലാറും ഗ്ലോബൽ സർവീസസും ഇന്ത്യയിൽ പ്രമുഖർക്ക്‌ ഓഹരിപങ്കാളിത്തമുള്ള കമ്പനികൾക്ക്‌ കൈമാറിയത്‌. പ്രതിരോധ ഇടപാട്‌ ദല്ലാളായ സുശേൺ മോഹൻ ഗുപ്‌ത, ഗൗതം ഖൈത്താൻ എന്നിവരുടെ നിർദേശപ്രകാരമാണ്‌ പണം കൈമാറിയതെന്ന്‌‌ മൊഴിയിലുണ്ട്‌.  കമൽനാഥിന്റെ മരുമകൻ റതുൽ പുരി നേരത്തേ അറസ്റ്റിലായി. പുറത്തുവന്ന മൊഴികൾ കോൺഗ്രസ്‌ നേതാക്കൾ നിഷേധിച്ചു.

അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ കേസ്‌
വിവിഐപികൾക്ക്‌‌ സഞ്ചരിക്കാൻ 3600 കോടി രൂപയ്‌ക്ക് ഇറ്റാലിയൻ കമ്പനി അഗസ്‌ത വെസ്റ്റ്‌ലാൻഡിൽനിന്ന്‌ 12 ഹെലികോപ്‌റ്റർ വാങ്ങാൻ  രണ്ടാം യുപിഎ സർക്കാരാണ്‌‌ കരാർ ഉണ്ടാക്കിയത്‌. ഇതിലേക്ക്‌ അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ കോഴ നൽകിയെന്ന്‌ 2012ൽ ഇറ്റലിയിൽ‌ വെളിപ്പെടുത്തൽ ഉണ്ടായി. കോഴക്കേസിനെത്തുടർന്ന്‌ കരാർ റദ്ദാക്കിയെന്ന്‌ 2014ൽ പ്രതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചു.

സിബിഐയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച്‌ ഇഡിയും കേസെടുത്തു. കമ്പനി സിഇഒ ബ്രൂണോ സ്‌പഗ്നോലിനി 2013 ഫെബ്രുവരിയിൽ അറസ്റ്റിലായി. മുൻ വ്യോമസേനാ മേധാവി എസ്‌ പി ത്യാഗി, ഇടനിലക്കാരനായ ക്രിസ്‌ത്യൻ മൈക്കിൾ എന്നിവരെയും അറസ്റ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top