21 November Thursday

ഡൽഹിയിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; കോടതിവളപ്പിൽ വെടിവയ്‌പ്‌

സ്വന്തം ലേഖകൻUpdated: Saturday Nov 2, 2019

ന്യൂഡൽഹി > ഡൽഹിയിലെ തീസ്‌ ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി. പൊലീസ്‌ വെടിവയ്‌പിൽ ഒരു അഭിഭാഷകന്‌ പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. വെടിവയ്‌പിൽ പരിക്കേറ്റ അഭിഭാഷകൻ രഞ്ജിത്‌ സിങ്‌ മാലിക്കിന്റെ നില ഗുരുതരമാണെന്ന്‌ ഡൽഹി ബാർഅസോസിയേഷൻ ചെയർമാൻ കെ സി മിത്തൽ പറഞ്ഞു. അഭിഭാഷകൻ സെന്റ്‌ സ്‌റ്റീഫൻസ്‌ ആശുപത്രിയിൽ ചികിൽസയിലാണ്‌.  

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ പഴയ ഡൽഹിയിലെ തീസ്‌ ഹസാരി കോടതി സമുച്ചയത്തിലായിരുന്നു സംഘർഷം. കാറിൽ പൊലീസ്‌ വാൻ ഉരഞ്ഞതിനെ അഭിഭാഷകൻ ചോദ്യംചെയ്‌തതോടെയാണ്‌ പ്രശ്‌നങ്ങളാരംഭിച്ചത്‌.  അഭിഭാഷകനെ പൊലീസ്‌ ലോക്കപ്പിലിട്ട്‌ മർദിച്ചതിൽ പ്രതിഷേധിച്ചവരെ പൊലീസ്‌ നേരിടുകയായിരുന്നു. പ്രകോപനമില്ലാതെ  പൊലീസ്‌ നാല്‌ റൗണ്ട്‌ വെടിവെക്കുകയായിരുന്നുവെന്ന്‌ അഭിഭാഷകർ പറഞ്ഞു.  ലാത്തിച്ചാർജിൽ  നിരവധി അഭിഭാഷകർക്ക്‌ പരിക്കേറ്റു. 

പ്രകോപിതരായ അഭിഭാഷകർ കൂടുതൽ പൊലീസ്‌ കോടതിയിൽ പ്രവേശിക്കുന്നത്‌ തടഞ്ഞു. ഇതോടെ മറ്റ്‌ ഗേറ്റുകൾ പൊലീസ്‌ പൂട്ടി. അഭിഭാഷകർ  പൊലീസ്‌ ജീപ്പിന്‌ തീയിട്ടു. എട്ടോളം മറ്റ്‌ വാഹനങ്ങളും കത്തിനശിച്ചു. പത്ത്‌ പൊലീസുകാർക്കും  പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. അഗ്‌നിശമനസേനയുടെ പത്ത്‌ വാഹനങ്ങൾ എത്തിയാണ്‌ തീ നിയന്ത്രിച്ചത്‌. ആറംഗ ഹൈക്കോടതി ജഡ്‌ജിമാരുടെ സംഘത്തെ അകത്തേക്ക്‌ കടക്കാൻ പൊലീസ്‌ അനുവദിച്ചില്ല.  ആക്രമണത്തിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച ഡൽഹിയിലെ എല്ലാ ജില്ലാകോടതികളും അഭിഭാഷകർ ബഹിഷ്‌കരിക്കും. കർശന നടപടി ആവശ്യപ്പെട്ട്‌ പൊലീസ്‌ കമീഷണർക്കും ആഭ്യന്തരമന്ത്രിക്കും അഭിഭാഷകർ പരാതി നൽകി.  വെടിവയ്‌പുണ്ടായെന്ന ആരോപണം ഡൽഹി പൊലീസ്‌ നിഷേധിച്ചു. അഡീഷണൽ ഡിസിപി ഹരീന്ദ്രയെ അഭിഭാഷകർ ആക്രമിച്ചെന്നും ഡിസിപി മോണിക്ക ഭരദ്വാജിനെ അധിക്ഷേപിച്ചെന്നും പൊലീസ്‌ പറഞ്ഞു. സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ഒരുസംഘം മർദിച്ചു. മൊബൈൽഫോണുകൾ പിടിച്ചുവാങ്ങി. സംഘർഷത്തിനിടെ യുപി പൊലീസിന്റെ കസ്‌റ്റഡിയിലുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top