15 November Friday

സാമൂഹ്യമാധ്യമങ്ങൾക്കും ആധാർ: കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2019

ന്യൂഡൽഹി
സാമൂഹ്യമാധ്യമങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കണമെന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന്‌ നോട്ടീസയച്ചു.  ഫെയ്‌സ്‌ബുക്കിന്റെയും വാട്സാപ്പിന്റെയും ട്രാൻസ്‌ഫർ ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌ ദീപക്‌ഗുപ്‌ത അധ്യക്ഷനായ ബെഞ്ചിന്റെതാണ്‌ നടപടി. ഗൂഗിൾ, യുട്യൂബ്‌, ട്വിറ്റർ തുടങ്ങിയ കക്ഷികൾക്കും നോട്ടീസ്‌ അയച്ചു. സെപ്‌തംബർ പതിമൂന്നിനുള്ളിൽ മറുപടി നൽകണം. ഓൺലൈൻ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാനും സന്തുലിത നടപടിയാണ്‌ ആവശ്യമെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.

വിവിധ ഹൈക്കോടതികൾ കേസിൽ വ്യത്യസ്‌ത വിധികൾ പുറപ്പെടുവിച്ചാൽ കടുത്ത ആശയക്കുഴപ്പമുണ്ടാകുമെന്നതിനാൽ  ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്നാണ്‌ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ആവശ്യം. സാമൂഹ്യമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന്‌  ആവശ്യപ്പെട്ട്‌  മദ്രാസ്‌, ബോംബെ, മധ്യപ്രദേശ്‌ ഹൈക്കോടതികളിൽ ഹർജികൾ നിലവിലുണ്ട്‌. ദേശവിരുദ്ധ ഉള്ളടക്കവും വ്യാജപ്രചാരണങ്ങളും അശ്ലീലദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങൾവഴി പ്രചരിക്കുന്നത്‌ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ്‌ ഹർജികളിൽ പറയുന്നത്‌.

ഹൈക്കോടതികളിലെ  നടപടികൾ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി ട്രാൻസ്‌ഫർ ഹർജി തീർപ്പാക്കുന്നതുവരെ ഇതുസംബന്ധിച്ച ഹർജികളിൽ കോടതികൾ അന്തിമവിധി പുറപ്പെടുവിക്കരുതെന്ന്‌ നിർദേശിച്ചു. രണ്ട്‌ റിട്ട്‌ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതി വിധിപറയാൻ ഇരിക്കവെയാണ്‌ ഇടപെടൽ.

സാമൂഹ്യമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതുവഴി ഭീകരവാദവും വ്യാജപ്രചാരണങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിക്കുന്നത്‌ തടയാൻ സാധിക്കുമെന്ന്‌ തമിഴ്‌നാട്‌ സർക്കാർ ചൊവ്വാഴ്‌ച സുപ്രീംകോടതിയിൽ വാദിച്ചു. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഏജൻസികൾക്ക്‌ കൈമാറണമോയെന്നത്‌ ഗുരുതരമായ വിഷയമാണെന്നും സുപ്രീംകോടതിയാണ്‌ അതിൽ തീരുമാനം എടുക്കേണ്ടതെന്നും ഫെയ്‌സ്ബുക്കിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി വാദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top