19 February Tuesday

രാജ്യവ്യാപകമായി സാമൂഹ്യ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്‌; വിപ്ലവകവി വരവരറാവു ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

വിപ്ലവകവി വരവരറാവുവിനെ അറസ്റ്റ്‌ ചെയ്‌തുകൊണ്ടുപോകുന്നു.

ന്യൂഡൽഹി> രാജ്യത്ത് ജനാധിപത്യധ്വംസനത്തിന്റേതായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനുഷ്യാവകാശ‐ദളിത് പ്രവർത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളിൽ വ്യാപക പൊലീസ് റെയ്ഡ്. മഹാരാഷ്ട്ര പൊലീസ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ  നടത്തിയ റെയ്ഡുകളെതുടർന്ന് വിപ്ലവ കവി വരവര റാവു അടക്കം നാലുപേരെ അറസ്റ്റുചെയ്തു. ഗൗതം നവ്ലഖ(ഹരിയാന), സുധ ഭരദ്വാജ്(ഹരിയാന), വേനോൺ ഗൊൺസാലസ്(മുംബൈ) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഗോവ, ഹരിയാന എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡുകൾ നടന്നത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിലുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായാണ് റെയ്ഡുകളും അറസ്റ്റുമെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസും ഇതിനോട് ബന്ധിപ്പിക്കുന്നുണ്ട്.   സർക്കാർ രാജ്യത്ത് ജനാധിപത്യസ്വാതന്ത്ര്യവും പൗരാവകാശങ്ങളും അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷപാർടികൾ പ്രതികരിച്ചു.

ഹൈദരാബാദിലെ ഫ്ളാറ്റിൽനിന്നാണ് വരവര റാവുവിനെ അറസ്റ്റുചെയ്തത്. മുതിർന്ന മാധ്യമപ്രവർത്തകനും റാവുവിന്റെ മരുമകനുമായ കെ വി കർമനാഥ്, ഫോട്ടോഗ്രഫർ ടി ക്രാന്തി എന്നിവരുടെ ഫ്ളാറ്റുകളിലും മഹാരാഷ്ട്ര‐തെലങ്കാന പൊലീസുകളുടെ സംയുക്തസംഘം റെയ്ഡ് നടത്തി. ആദിവാസികൾക്കും ദളിതർക്കും വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനാണ് റാവുവിനെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹത്തിന്റെ അനന്തിരവനും മാധ്യമപ്രവർത്തകനുമായ വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുമായി റാവുവിനു ബന്ധമുണ്ടെന്ന ആരോപണം കെട്ടുകഥയാണ്. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളെയും മരുമക്കളെയും കൂടി അധികാരികൾ വേട്ടയാടുകയാണ്. കേന്ദ്രസർക്കാർ, മഹാരാഷ്ട്ര‐തെലങ്കാന സർക്കാരുകളുടെ  സഹായത്തോടെ ജനാധിപത്യശബ്ദങ്ങളെ അടിച്ചമർത്തുകയാണെണന്ന് അദ്ദേഹം പറഞ്ഞു.

യുഎപിഎ ഉൾപ്പടെ ചുമത്തിയാണ് സുധ ഭരദ്വാജിനെ ഹരിയാന സൂരജ്കുണ്ഡിലെ വസതിയിൽനിന്ന് അറസ്റ്റുചെയ്തത്. ഇവരുടെ വസതിയിൽനിന്ന് രണ്ട് വീതം ലാപ്പ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും പെൻഡ്രൈവും പൊലീസ് പിടിച്ചെടുത്തതായി വിവരമറിഞ്ഞെത്തിയ പ്രൊഫ. ജയതി ഘോഷ് പറഞ്ഞു. ജിമെയിലിന്റെയും സാമൂഹികമാധ്യമ അക്കൗണ്ടുകളുടെയും പാസ്വേർഡുകൾ പൊലീസ് നിർബന്ധപൂർവം ചോദിച്ചെടുത്തു. ഒഴിഞ്ഞ പേജുകളുള്ള ഡയറികളും പൊലീസ് കൊണ്ടുപോയി. വ്യാജതെളിവുകളുണ്ടാക്കാൻ ഇവയൊക്കെ പൊലീസ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ജയതി ഘോഷ് ചൂണ്ടിക്കാട്ടി. സുധ ഭരദ്വാജിനെ ഫരീദാബാദ് കോടതിയിൽ ഹാജരാക്കി. റിമാൻഡ് അപേക്ഷ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി നൽകാൻ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.

ഡൽഹി നെഹ്റുഎൻക്ലെയ്വിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്ത ഗൗതം നവ്ലഖയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തടഞ്ഞു. തൽക്കാലം ഗൗതം വീട്ടുതടങ്കലിൽ തുടരും. മനുഷ്യാവകാശ പ്രവർത്തകനായ ഗൗതമിന്റെ വീട്ടിൽനിന്നും ലാപ്ടോപ്പും മൊബൈലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ വെനോൺ ഗൊൺസാലസിന്റെ വീട്ടിനു പുറമെ അഭിഭാഷകരായ അരുൺ ഫെരേര, സൂസൻ എബ്രഹാം എന്നിവരുടെ ഫ്ളാറ്റുകളിലും പൊലീസ് തെരച്ചിൽ നടത്തി. മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിൽ അതിക്രമത്തിനു ഇരകളായ ദളിതരുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണ്.

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസികുട്ടികൾക്ക് വേണ്ടി സ്കൂൾ നടത്തുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ താമസസ്ഥലത്തും റെയ്ഡ് നടന്നു. ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തില്ല. ഗോവയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. ആനന്ദ് തെൽതുംബഡെയുടെ വീട്ടിലും പൊലീസെത്തി. എന്നാൽ, അദ്ദേഹം സ്ഥലത്തില്ലായിരുന്നു.  ദളിത് നിരീക്ഷകനും എഴുത്തുകാരനുമാണ് തെൽതുംബ്ഡെ.

ഇതേ കേസിൽ ജൂൺ ആറിന്, പ്രൊഫ. ഷോമ സെൻ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, സുധീർ ധാവ്ലെ എന്നിവരെ പുണെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top